ന്യൂഡൽഹി• 5ജി യിലേക്ക് മാറുമ്പോള്‍ ഫോൺകോളുകളുടെ ഗുണനിലവാരം നഷ്ടമാകരുതെന്നതുൾപ്പെടെ ടെലികോം സേവനദാതാക്കള്‍ക്ക് കര്‍ശന നിര്‍ദേശങ്ങളുമായി ടെലികോം റഗുലേറ്ററി അതോറിറ്റി (ട്രായ്). വിവിധയിടങ്ങളിൽ ആളുകൾ ടെലിഫോൺ കോളുകളിൽ തടസ്സങ്ങൾ നേരിടുകയും നെറ്റ്‌വർക്ക് പ്രശ്നങ്ങൾ നേരിടുകയും ചെയ്യുന്ന സാഹചര്യത്തിൽ ടെലികോം സേവനദാതാക്കളുമായി ട്രായ് നടത്തിയ ചർച്ചയിലാണ് നിർദേശങ്ങൾ നൽകിയത്. ടെലികോം സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്താൻ കമ്പനികൾക്ക് നിർദേശം നൽകി.
5ജി യിലേക്ക് മാറുമ്പോള്‍ ഫോൺ കോളുകളുടെ ഗുണനിലവാരം നഷ്ടമാകരുത്, പ്രശ്ന പരിഹാരത്തിന് മുഴുവന്‍ സമയ ആഭ്യന്തര നിരീക്ഷണ സംവിധാനം വേണം, ഈ നിരീക്ഷണ സംവിധാനത്തിന്റെ നടപടികൾ ജില്ലാ തലത്തിൽ ഏകോപിപ്പിച്ചുകൊണ്ട് നടത്തണം, ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ ട്രായ്ക്ക് നൽകണം തുടങ്ങിയവയാണ് നിർദേശങ്ങൾ. ഇതിന്റെ അടിസ്ഥാനത്തിൽ തിരുത്തൽ നടപടികളുടെ ഭാഗമായി പ്രശ്നപരിഹാര സംവിധാനം കൊണ്ടുവരുമെന്നും ട്രായ് അറിയിച്ചിട്ടുണ്ട്. മാർക്കറ്റിങ് ഉദ്ദേശത്തോടെയുള്ള ഫോൺ കോളുകൾക്ക് നിയന്ത്രണം വേണമെന്നും ട്രായ് നിർദേശിച്ചു.