മുംബൈ: ഒരു സാറ്റലൈറ്റ് ഡിഷ് കമ്പനിയുടെ 50 സെക്കൻഡ് പരസ്യത്തിന് നയൻതാര വാങ്ങിയത് അഞ്ച് കോടി രൂപ. ബോളിവുഡ് താരങ്ങൾ പോലും ഇത്രയും ചെറിയ പരസ്യങ്ങൾക്ക് ഇത്രയധികം പ്രതിഫലം വാങ്ങാറില്ല. ഇത് നയൻതാരയുടെ ജനപ്രീതിയുടെയും സ്വാധീനത്തിന്റെയും തെളിവാണ്. ദക്ഷിണേന്ത്യൻ സിനിമയിലെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന നടിമാരിൽ ഒരാളായി നയൻതാര മാറിക്കഴിഞ്ഞു.
നയൻതാരയുടെ ആകെ ആസ്തി 200 കോടി രൂപയാണ്. ചെന്നൈയിൽ 100 കോടി രൂപ വിലമതിക്കുന്ന ഒരു അപ്പാർട്ട്‌മെന്റും സ്വന്തമായി ഒരു പ്രൈവറ്റ് ജെറ്റും മെഴ്‌സിഡസ് മെയ്ബാച്ച്, ബിഎംഡബ്ല്യു സീരീസ് 7 തുടങ്ങിയ ആഡംബര കാറുകളും നയൻതാരയ്ക്കുണ്ട്. താരത്തിന്റെ ആഡംബര ജീവിതം എന്നും ആരാധകർക്കിടയിൽ ചർച്ചാവിഷയമാണ്.
20 വർഷത്തിലേറെയായി സിനിമയിൽ സജീവമായ നയൻതാര 80ലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിലായി നിരവധി ഹിറ്റ് സിനിമകൾ നയൻതാരയുടെ പേരിലുണ്ട്. ‘ചന്ദ്രമുഖി’, ‘ഗജിനി’, ‘ശ്രീരാമ രാജ്യം’ തുടങ്ങിയ സിനിമകളിലൂടെ നയൻതാര തന്റെ കഴിവ് തെളിയിച്ചു. തുടക്കത്തിൽ വിമർശനങ്ങൾ നേരിട്ടെങ്കിലും പിന്നീട് ‘ലേഡി സൂപ്പർസ്റ്റാർ’ എന്ന പദവിയിലേക്ക് നയൻതാര വളർന്നു. 2023ൽ ഷാരൂഖ് ഖാനോടൊപ്പം ‘ജവാൻ’ എന്ന സിനിമയിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചു. ആയിരം കോടിയിലധികം രൂപ കളക്ഷൻ നേടിയ ഈ സിനിമ നയൻതാരയെ പാൻ ഇന്ത്യൻ താരമാക്കി മാറ്റി.
ബെംഗളൂരുവിൽ ഒരു മലയാളി ക്രിസ്ത്യൻ കുടുംബത്തിലാണ് നയൻതാര ജനിച്ചത്. എയർഫോഴ്‌സിൽ ജോലി ചെയ്തിരുന്ന പിതാവിന്റെ ജോലി കാരണം ഇന്ത്യയുടെ പല ഭാഗങ്ങളിലായി നയൻതാരയ്ക്ക് യാത്ര ചെയ്യേണ്ടി വന്നു. ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം നേടിയ നയൻതാര ഒരു ചാർട്ടേഡ് അക്കൗണ്ടന്റാകാനാണ് ആഗ്രഹിച്ചിരുന്നത്. എന്നാൽ, മോഡലിംഗിലേക്ക് എത്തിയതോടെ ജീവിതം മാറിമറിഞ്ഞു. സംവിധായകൻ സത്യൻ അന്തിക്കാടാണ് നയൻതാരയെ ആദ്യമായി ‘മനസ്സിനക്കരെ’ (2003) എന്ന സിനിമയിൽ അഭിനയിപ്പിച്ചത്. അതോടെ നയൻതാരയുടെ സിനിമാ ജീവിതം ആരംഭിച്ചു.