ന്യൂഡൽഹി: രാജ്യത്തെ ജനങ്ങൾ പണപ്പെരുപ്പത്തിന്റെ ദുരിതം പേറുമ്പോഴാണ് പാചകവാതക വില കൂട്ടി കേന്ദ്രസർക്കാരിന്റെ ദ്രോഹമെന്ന് കോൺഗ്രസ്. കോണ്ഗ്രസ് അധികാരത്തിലെത്തിയാൽ ഗാർഹിക സിലിണ്ടറിന്റെ വില 500 രൂപയിൽ താഴെയാക്കുമെന്നും കോണ്ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു. ഗാർഹിക സിലിണ്ടറുകളുടെ വില എട്ടു മാസത്തിനു ശേഷമാണ് വർധിപ്പിക്കുന്നതെന്നും വടക്കു-കിഴക്കൻ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് അവസാനിച്ചതാണ് ഇതിനു കാരണമെന്നും ഖാർഗെ പറഞ്ഞു.
യുപിഎ സർക്കാരിന്റെ കാലത്ത് എൽപിജി സിലിണ്ടറിന്റെ വില 400 രൂപയായിരുന്നുവെന്നും കോണ്ഗ്രസ് അധികാരത്തിലുള്ള രാജസ്ഥാനിൽ ഗാർഹിക സിലിണ്ടറുകൾ 500 രൂപയ്ക്കാണ് നൽകുന്നതെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. ബിജെപി സർക്കാർ അധികാരത്തിൽ എത്തിയതിനുശേഷം ഗ്യാസ് സിലിണ്ടറുകളുടെ വിലയിൽ 275 ശതമാനം വർധനയാണ് ഉണ്ടായതെന്നും പ്രിയങ്ക ഗാന്ധി കൂട്ടിച്ചേർത്തു.
ഗാർഹിക പാചകവാതക സിലിണ്ടറിന്റെ വിലവർധന പിൻവലിക്കമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു. പാചകവാതകവില വർധനയ്ക്കു പുറമേ ഭക്ഷ്യവസ്തുക്കൾക്കും അവശ്യസാധനങ്ങൾക്കും വില ഉയരുന്നത് ജനങ്ങളെ കടുത്ത ദുരിതത്തിലാക്കുമെന്നും സിപിഎം പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.