ഏകീകൃത സിവിൽ കോഡിനെ പിന്തുണച്ച് ആം ആദ്മി പാർട്ടി. ഭരണഘടനയുടെ അനുച്ഛേദം 44 ല്‍ ഏക വ്യക്തിനിയമം നിര്‍ദേശിക്കുന്നുണ്ട്. എന്നാൽ നിയമനിർമ്മാണത്തിന് മുമ്പ് സമഗ്രമായ ചർച്ച ആവശ്യമാണെന്നും എല്ലാവരുടെയും താൽപ്പര്യങ്ങളും പാരമ്പര്യങ്ങളും സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കണമെന്നും എഎപിയുടെ ജനറൽ സെക്രട്ടറി സന്ദീപ് പഥക് മാധ്യമങ്ങളോട് പറഞ്ഞു.
“ഏകീകൃത സിവിൽ കോഡ് രാജ്യത്തിന് വളരെ പ്രധാനപ്പെട്ടതാണ്. രാജ്യത്ത് പൊതുവ്യക്തിനിയമം നിലവിലുണ്ടാകണമെന്ന് ഇന്ത്യന്‍ ഭരണഘടനയുടെ 44-ാം അനുച്ഛേദം നിര്‍ദേശിക്കുന്നുണ്ട്. വിഷയതിൽ നിയമനിർമ്മാണത്തിന് മുമ്പ് രാജ്യത്തെ എല്ലാ മതവിഭാഗങ്ങളോടും രാഷ്ട്രീയകക്ഷികളോടും സംഘടനകളോടും വിഷയം ചര്‍ച്ച ചെയ്ത് അഭിപ്രായസമന്വയം രൂപവത്കരിക്കുമെന്ന് വിശ്വസിക്കുന്നു” – സന്ദീപ് പഥക് പറഞ്ഞു.
അതേസമയം, തെരഞ്ഞെടുപ്പ് വരുമ്പോഴെല്ലാം സങ്കീർണമായ പ്രശ്‌നങ്ങൾ കൊണ്ടുവരുന്നതാണ് ബിജെപിയുടെ പ്രവർത്തനരീതിയെന്ന് സന്ദീപ് പഥക് വിമർശിച്ചു. ഭോപ്പാലില്‍ നടന്ന പൊതുപരിപാടിയില്‍ പൊതുവ്യക്തിനിയമത്തെ കുറിച്ച് ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും പരാമര്‍ശിച്ചതിന് പിന്നാലെയാണ് എഎപിയുടെ പിന്തുണ പ്രഖ്യാപിച്ചുള്ള പ്രതികരണം.