Sunday, December 22, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsപ്രവാസികളുടെ മരണവുമായി ബന്ധപ്പെട്ട തുടർനടപടികൾക്കു ഫീസ് ഒഴിവാക്കി അബുദാബി

പ്രവാസികളുടെ മരണവുമായി ബന്ധപ്പെട്ട തുടർനടപടികൾക്കു ഫീസ് ഒഴിവാക്കി അബുദാബി

അബുദാബി: പ്രവാസികളുടെ മരണവുമായി ബന്ധപ്പെട്ട തുടർനടപടികൾക്കു ഫീസ് ഒഴിവാക്കി അബുദാബി. മരണ സർട്ടിഫിക്കറ്റ്, എംബാമിങ്, ആംബുലൻസ്, മൃതദേഹം സൂക്ഷിക്കുന്ന പെട്ടി എന്നിവയ്ക്കുള്ള ഫീസാണ് പൂർണമായും ഒഴിവാക്കിയത്. മരണ സർട്ടിഫിക്കറ്റിന് 103 ദിർഹം, എംബാമിങ്ങിന് 1106 ദിർഹം, ആംബുലൻസ്, മൃതദേഹം സൂക്ഷിക്കുന്ന പെട്ടി എന്നിവയ്ക്ക് 1209 ദിർഹം ഉൾപ്പെടെ 2418 ദിർഹമായിരുന്നു (55000 രൂപ) നിരക്ക്. ഇന്നലെ രാവിലെ 10 മുതൽ ഈ തുക ഈടാക്കുന്നില്ലെന്ന് സാമൂഹിക പ്രവർത്തകൻ ബി.സി.അബുബക്കർ പറഞ്ഞു. 

പ്രവാസികളെ സംബന്ധിച്ചു ആശ്വാസകരമായ നടപടിയാണിത്. ഈ തുകയ്ക്കു പുറമെ, നാട്ടിലേക്കുള്ള വിമാനക്കൂലി കൂടിയാകുമ്പോൾ പ്രവാസിയുടെ മൃതദേഹം നാട്ടിലെത്താൻ ഭീമമായ തുകയാണ് വേണ്ടിവന്നിരുന്നത്. മൃതദേഹം നാട്ടിലെത്തിക്കാൻ എയർ ഇന്ത്യക്ക് 3265 ദിർഹം (74100 രൂപ) എയർ അറേബ്യയിലും ഇൻഡിഗോയിലും 2400 (54500 രൂപ), ഇത്തിഹാദിൽ 3800 (86300 രൂപ) എന്നിങ്ങനെയാണ് ചെലവ്. ഈ തുക വഹിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചാൽ, മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട മുഴുവൻ ചെലവും ഇല്ലാതാകും. നാട്ടിലേക്കു കൊണ്ടുപോകാൻ പണമില്ലാത്തതിന്റെ പേരിൽ പ്രവാസികളെ ഇവിടെ തന്നെ സംസ്കരിക്കുന്നതു സാധാരണമാണ്. 

പാക്കിസ്ഥാൻ ഉൾപ്പെടെ പല രാജ്യങ്ങളും അവരുടെ പൗരന്മാരുടെ മൃതദേഹം സൗജന്യമായാണ് നാട്ടിലെത്തിക്കുന്നത്. ഇന്ത്യക്കാരുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന്റെ ചെലവ് സർക്കാർ വഹിക്കണമെന്നത് വർഷങ്ങളായുള്ള ആവശ്യമാണ്. യുഎഇയിലെ തൊഴിൽ നിയമ പ്രകാരം പ്രവാസിയുടെ മരണവുമായി ബന്ധപ്പെട്ട ചെലവുകൾ സ്പോൺസർമാരാണ് വഹിക്കേണ്ടത്. എന്നാൽ, കോഫി ഷോപ്പ്, ബക്കാല പോലുള്ള ചെറുകിട സ്ഥാപനങ്ങൾ പലപ്പോഴും ഭീമമായ ചെലവ് ഏറ്റെടുക്കാനാകില്ലെന്ന് പറഞ്ഞ് ഒഴിയും. 

അത്തരം സന്ദർഭങ്ങളിൽ മരിച്ചയാളുടെ കുടുംബമോ സുഹൃത്തുക്കളോ ആണ് ഈ ചെലവ് ഏറ്റെടുക്കുക. ഇന്ത്യയിലെ വിദൂര ഗ്രാമപ്രദേശങ്ങളിൽ നിന്നു കുറഞ്ഞ ശമ്പളത്തിനു ജോലിക്കു വരുന്നവർക്കോ അവരുടെ കുടുംബങ്ങൾക്കോ ഇത്തരം ഭീമമായ ചെലവ് ഏറ്റെടുക്കാൻ കഴിയില്ല. മലയാളികൾ ഉൾപ്പടെയുള്ള സന്നദ്ധ പ്രവർത്തകരോ സംഘടനകളോ ആയിരിക്കും ഈ സന്ദർഭങ്ങളിൽ സഹായത്തിനെത്തുക. 

പണത്തിനു നിർവാഹമില്ലാത്തവർക്കായി എംബസിയുടെ വെൽഫെയർ ഫണ്ട് ഉപയോഗിക്കാറുണ്ട്. മൃതദേഹം നാട്ടിലെത്തിക്കാൻ സർക്കാർ ഫീസുകൾ അബുദാബി പൂർണമായും ഒഴിവാക്കിയതോടെ ഇനി മുന്നിലുള്ളത് എയർ കാർഗോ ഫീസ് മാത്രമാണ്. ഇക്കാര്യത്തിൽ ഇന്ത്യൻ ഭരണകൂടം തീരുമാനം എടുത്താൽ, മരിച്ച പ്രവാസികൾക്ക് അന്ത്യയാത്ര ആർക്കും ഭാരമാകാതെ പൂർത്തിയാക്കാനാവും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments