ദുബൈ: അബൂദബി വിമാനത്താവളം പേര് മാറ്റുന്നു. സായിദ് അന്താരാഷ്ട്ര വിമാനത്താവളം എന്നതായിരിക്കും പുതിയ പേര്. ഫെബ്രുവരിയിലാണ് പുതിയ പേര് നിലവിൽ വരിക. അബൂദബി വിമാനത്താവളത്തിലെ പുതിയ ടെർമിനൽ ഇന്ന് പ്രവർത്തനമാരംഭിക്കാനിരിക്കെയാണ് പേര് മാറ്റം പ്രഖ്യാപിച്ചത്.
യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനാണ് അബൂദബി വിമാനത്താവളത്തിന്റെ പേര് മാറ്റം സംബന്ധിച്ച നിർദേശം നൽകിയത്. യു.എ.ഇ രാഷ്ട്ര പിതാവ് ശൈഖ് സായിദിന്റെ സ്മരണക്കായി സായിദ് ഇന്റർനാഷണൽ എയർപോർട്ട് എന്ന് വിമാനത്താവളം നാമകരണം ചെയ്യും. ഫെബ്രുവരി ഒമ്പത് മുതലാണ് ഔദ്യോഗികമായി പേരുമാറ്റം നിലവിൽ വരികയെന്ന് അബൂദബി മീഡിയ ഓഫീസ് അറിയിച്ചു.
അബൂദബി വിമാനത്താവളത്തിന്റെ ടെർമിനൽ എ നാളെ മുതൽ പ്രവർത്തനമാരംഭിക്കും. ലോകത്തിലെ തന്നെ ഏറ്റവും വലിയ വിമാനത്താവള ടെർമിനിലുകളിൽ ഒന്നാണിത്. പുതിയ ടെർമിനിലിലെ സജ്ജീകരണങ്ങൾ വിലയിരുത്താൻ അബൂദബി കിരീടാവകാശി ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ആൽനഹ്യാൻ നേരിട്ടെത്തി.
പഴയ ടെർമിനലിനേക്കാൾ മൂന്നിരട്ടി വലിപ്പമുള്ളതാണ് പുതിയ ടെർമിനൽ. വർഷം നാലരക്കോടി യാത്രക്കാരെ കൈകാര്യം ചെയ്യാനുള്ള ശേഷിയുണ്ടിതിന്. ഇന്ന് മുതൽ നവംബർ 14 വരെയുള്ള ദിവസങ്ങളിൽ മൂന്ന് ഘട്ടമായാണ് വിമാന സർവീസുകൾ പുതിയ ടെർമിനലിലേക്ക് മാറ്റുക. ഉദ്ഘാടനത്തിന്റെ ഭാഗമായി ഇത്തിഹാദിന്റെ വിമാനം രാത്രി പുതിയ ടെർമിനിലിലെത്തും.
ഇന്ന് മുതൽ വിസ് എയറും 15 വിമാനകമ്പനികളും പുതിയ ടെർമിനിലേക്ക് മാറും. നവംബർ ഒമ്പത് മുതൽ ഇത്തിഹാദിന്റെ 16 വിമാനങ്ങൾ പുതിയ ടെർമിനലിൽ നിന്നായിരിക്കും. നവംബർ 14 മുതൽ 28 വിമാനകമ്പനികളുടെ സേവനം പുതിയ ടെർമിനലിൽ നിന്നായിരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.