അബുദാബി : അബുദാബിയിലെ കെട്ടിടവാടകയിൽ വൻ കുതിപ്പ്. 10 വർഷത്തിനിടെയുള്ള ഏറ്റവും ഉയർന്ന വാടക വർധനയാണ് യുഎഇയുടെ തലസ്ഥാന നഗരിയിലേതെന്ന് വിവിധ ഏജൻസികൾ ചൂണ്ടിക്കാട്ടുന്നു. വില്ലകൾക്ക് 10 ശതമാനവും അപ്പാർട്മെന്റുകൾക്ക് 16 ശതമാനവുമാണ് ശരാശരി വർധനയെങ്കിലും ചിലയിടങ്ങളിൽ വില ഇതിലും കൂടുതലാണ്. അതേസമയം, ആവശ്യക്കാരുടെ എണ്ണവും വർഷത്തിൽ 9% വീതം കൂടുന്നുണ്ട്. ആവശ്യത്തിന് ആനുപാതികമായി കെട്ടിടങ്ങൾ ലഭ്യമല്ല എന്നതും വിലക്കയറ്റത്തിന് കാരണമാണ്.
എമിറേറ്റിലെ പ്രധാന സ്ഥലങ്ങളായ യാസ് ദ്വീപ്, സാദിയാത്ത് ദ്വീപ് എന്നിവിടങ്ങളിലാണ് വിലവർധന. സാദിയാത്ത് ദ്വീപിലെ വില്ലകളിൽ 14 ശതമാനവും യാസ് ദ്വീപിൽ 13 ശതമാനവും അൽ റീഫ് വില്ലകളിൽ 8 ശതമാനവും വാടക വർധിച്ചു. അപ്പാർട്മെന്റ് വിഭാഗത്തിൽ യാസ് ദ്വീപിൽ 15 ശതമാനവും സാദിയാത്തിൽ 14 ശതമാനവും റീം ദ്വീപിൽ 12 ശതമാനവും വർധനയുണ്ടായി.
ഈ വർഷം രണ്ടാം പാദത്തിൽ നഗരത്തിന്റെ ഇതരഭാഗങ്ങളിൽ ശരാശരി അപ്പാർട്മെന്റ് വാടക 6.6% ഉയർന്നപ്പോൾ വില്ല വാടക 2.5% വർധിച്ചു. എമിറേറ്റിൽ 2 കിടപ്പുമുറിയുള്ള അപ്പാർട്മെന്റിന് ശരാശരി വാർഷിക വാടക 66,500 ദിർഹമാണ്, വില്ലകൾക്ക് 1,66,500.
അബുദാബി റിയൽ എസ്റ്റേറ്റ് സെന്റർ ഓഗസ്റ്റിൽ പുറത്തുവിട്ട വാടക സൂചിക പ്രകാരം നിശ്ചിത ഏരിയകളിൽ പരമാവധി 30% വരെ വർധിപ്പിക്കാനാണ് അനുമതി. വിപണി മൂല്യത്തെക്കാൾ വളരെ കുറഞ്ഞ വാടക ഈടാക്കുന്ന പ്രദേശത്ത് പുതുതായി ഫ്ലാറ്റ് വാടകയ്ക്കെടുക്കുന്നവർ വൻതുക നൽകേണ്ടി വന്നേക്കും. നിലവിലുള്ള വാടക കരാറുകാർക്ക് വർഷത്തിൽ കുറഞ്ഞത് 5000 മുതൽ 50,000 ദിർഹം വരെ അധികം നൽകേണ്ടിവരാം.