അബൂദബി: യാത്രക്കാരെ കൊണ്ടുപോകുന്ന ഡ്രോൺ അബൂദബിയിൽ പരീക്ഷണ പറക്കൽ നടത്തി. യാത്രക്കാരെ വഹിക്കാൻ കഴിയുന്ന രണ്ട് ഡ്രോണുകളാണ് അബൂദബിയിൽ പരീക്ഷിച്ചത്. അഞ്ച് പേർക്ക് കയറാൻ കഴിയുന്ന ഡ്രോണും, രണ്ട് പേർക്ക് സഞ്ചരിക്കാവുന്ന മറ്റൊരു ഡ്രോണും പരീക്ഷണ പറക്കൽ നടത്തി.
അഞ്ച് പേർക്ക് സഞ്ചരിക്കാൻ കഴിയുന്ന ഡ്രോൺ 350 കിലോ വഹിച്ച് 25 കിലോമീറ്റർ വിജയകരമായി പറന്നു. രണ്ട് പേർക്ക് കയറാൻ സാധിക്കുന്ന ഡ്രോൺ 20 മിനിറ്റ് സമയം കൊണ്ട് 35 കിലോമീറ്റർ പറന്നതായും അധികൃതർ പറഞ്ഞു. ഏപ്രിൽ 24 മുതൽ മേയ് ഒന്ന് വരെയാണ് ആളെ വഹിക്കാൻ കഴിയുന്ന ഡ്രോണുകളുടെ പരീക്ഷണ പറക്കൽ അബൂദബിയിൽ നടന്നത്.
അഡ്വാൻസ് ഓട്ടോമേഷൻ കമ്പനിയായ മൾട്ടി ലെവൽ ഗ്രൂപ്പും, അബൂദബി മൊബിലിറ്റിയും ചേർന്നാണ് യാത്രക്കാരെ കൊണ്ടുപോകാൻ കഴിയുന്ന ഡ്രോണുകളുടെ മിഡിലീസ്റ്റിലെ ആദ്യ പരീക്ഷണ പറക്കൽ നടത്തിയത്.