അബുദാബി : ആഗോള സാംസ്കാരിക ടൂറിസം ഭൂപടത്തിൽ തിളങ്ങി അബുദാബിയിലെ ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്ക്. ലോകത്തിലെ ഏറ്റവും മനോഹരമായ 20 കാഴ്ചകളുടെ പട്ടികയിൽ ഇടംപിടിച്ച ഗ്രാൻഡ് മോസ്കിലേക്ക് സന്ദർശക പ്രവാഹമാണ്.
ജാതിമത ഭേദമന്യെ വിവിധ രാജ്യക്കാരായ 70 ലക്ഷത്തിലേറെ സന്ദർശകരെയാണ് സഹിഷ്ണുതയുടെ ഈ കേന്ദ്രം വർഷം തോറും സ്വാഗതം ചെയ്യുന്നത്. ഇസ്‌ലാമിക നാഗരികതയുടെ സമ്പന്നതയ്ക്കൊപ്പം സഹിഷ്ണുത, സഹവർത്തിത്വം, സാഹോദര്യം എന്നീ മൂല്യങ്ങളും അനുഭവിച്ചറിയാം.
അറബിക്, ഇംഗ്ലിഷ്, ഫ്രഞ്ച്, റഷ്യൻ, ഹീബ്രു, മാൻഡാരിൻ, കൊറിയൻ, സ്പാനിഷ് ഭാഷകളിൽ സാംസ്കാരിക ടൂർ ഗൈഡുകൾ സന്ദർശകരെ സ്വീകരിച്ച് ആനയിക്കും. കൂടാതെ ആംഗ്യഭാഷയിലും ആശയവിനിമയം നടത്തും. പള്ളിയുടെ ഇസ്‌ലാമിക വാസ്തു വിദ്യയും അവയുടെ ചരിത്ര, സാംസ്കാരിക പശ്ചാത്തലവും സന്ദർശകർക്കായി വിശദീകരിക്കും. അത്യാധുനിക ഓഗ്‌മെന്റഡ് റിയാലിറ്റി സാങ്കേതികവിദ്യ ഉപയോഗിച്ച് 14 ഭാഷകളിൽ വെർച്വൽ ടൂറുകൾ നൽകിവരുന്നു. രാത്രി 10 മുതൽ രാവിലെ 9 വരെ പ്രത്യേക നൈറ്റ് ടൂറുകളും ലഭ്യം. ലോക ടൂറിസം ദിനത്തോടനുബന്ധിച്ച് പള്ളിയിൽ സംഘടിപ്പിച്ച സാംസ്കാരിക പരിപാടിയിൽ വിവിധ രാജ്യക്കാരായ നൂറുകണക്കിന് വിനോദസഞ്ചാരികളും പങ്കെടുത്തിരുന്നു.