കൊച്ചി : കരൾരോഗത്തെ തുടർന്ന് ഇടപ്പള്ളി അമൃത ആശുപത്രിയിൽ ചികിത്സയിലുള്ള നടൻ ബാലയുടെ പേരിൽ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന പല വാർത്തകളും അടിസ്ഥാനരഹിതമെന്നു ബന്ധുക്കളും സുഹൃത്തുക്കളും. ബന്ധുക്കളും സിനിമാ മേഖലയിലെ സുഹൃത്തുക്കളിൽ പലരും ഇന്നലെ ആശുപത്രിയിലെത്തി.
മകളെ കാണണമെന്ന ആഗ്രഹം ബാല അറിയിച്ചതിനെ തുടർന്നു മുൻ ഭാര്യ അമൃത സുരേഷ്, മകൾ എന്നിവർ ആശുപത്രിയിലെത്തി ബാലയെ കണ്ടു. ബാലയുടെ സഹോദരൻ സംവിധായകൻ ശിവ ചെന്നൈയിൽ നിന്ന് കൊച്ചിയിലെ ആശുപത്രിയിലെത്തി. ഛായാഗ്രാഹകൻ വെട്രിയും ഒപ്പമുണ്ടായിരുന്നു.
ബാലയുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന പല വാർത്തകളും തെറ്റാണെന്നും ആശുപത്രിയിലെത്തി ഡോക്ടർമാരുമായി സംസാരിച്ചുവെന്നും നടൻ ഉണ്ണി മുകുന്ദൻ പറഞ്ഞു. ആശുപത്രിയിലെത്തി കണ്ടപ്പോൾ ബാല സംസാരിച്ചുവെന്നും തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും നിർമാതാവ് എൻ.എം. ബാദുഷ അഭ്യർഥിച്ചു.