ഇളയ ദളപതി വിജയ്യുടെ രാഷ്ട്രീയ പ്രഖ്യാപനവും സിനിമ നിര്‍ത്തുന്നുവെന്ന വാര്‍ത്തയും ഇപ്പോഴും ചര്‍ച്ചാവിഷയമാണ്. ഒരു സൂപ്പര്‍ താരം സിനിമ അവസാനിപ്പിക്കുന്നുവെന്ന് പറയുമ്പോള്‍ അത് തമിഴ് നാട്ടിലെയും കേരളമുള്‍പ്പെടെയുള്ള മറ്റ് സംസ്ഥാനങ്ങളിലെയും സിനിമ മേഖലയെ അത് വലിയ തോതില്‍ ബാധിക്കുമെന്നും നിരീക്ഷകര്‍ പറയുന്നു. എന്നാല്‍ വിജയ്ക്ക് പിന്നാലെ സൂപ്പര്‍താരം വിശാലും രാഷ്ട്രീയത്തിലേക്ക് ചുവടുവെയ്ക്കാനൊരുങ്ങുന്നുവെന്ന വാര്‍ത്തയെ തള്ളിക്കൊണ്ട് വിശാൽ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.
സമൂഹത്തിൽ അഭിനേതാവായും സാമൂഹിക പ്രവർത്തകനായും എന്നെ അംഗീകരിച്ച തമിഴ്‌നാട്ടിലെ ജനങ്ങളോട് ഞാൻ എന്നും കടപ്പെട്ടിരിക്കുന്നുവെന്ന് താരം പറഞ്ഞു. “ആവുന്നത്ര ആളുകളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ, എൻ്റെ ഫാൻസ് ക്ലബ്ബിനെ ഒരു ശരാശരി ക്ലബ്ബായി കാണാതെ, ആളുകൾക്ക് ഉപകാരപ്രദമായി പ്രവർത്തിക്കണം എന്ന് ഞാൻ ആദ്യം മുതൽ കരുതി. ദുരിതമനുഭവിക്കുന്നവർക്കായി ഞങ്ങളുടെ കഴിവിൻ്റെ പരമാവധി ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഞങ്ങൾ ഫാൻസ് ക്ലബ് നടത്തുന്നത്.” എന്ന് ഇന്ന് പുറത്തിറക്കിയ പ്രസ്താവനയിൽ വിശാൽ പറയുന്നു.
“അടുത്ത ഘട്ടം ജനക്ഷേമ പ്രസ്ഥാനം രൂപീകരിക്കുകയും ജില്ലകൾ, മണ്ഡലങ്ങൾ, ബ്രാഞ്ചുകൾ എന്നിവ തിരിച്ച് പ്രവർത്തിക്കുകയും ചെയ്യുക എന്നതാണ്. എൻ്റെ അമ്മയുടെ പേരിൽ നടത്തുന്ന ‘ദേവി ഫൗണ്ടേഷൻ’ വഴി ഞങ്ങൾ എല്ലാ വർഷവും പാവപ്പെട്ടവരും നിർധനരുമായ നിരവധി വിദ്യാർത്ഥികളെ സഹായിക്കുന്നു. ദുരിതബാധിതരായ കർഷകരെ ഞങ്ങൾ സഹായിക്കുന്നുണ്ട്.”
“ഞാൻ ഷൂട്ടിങ്ങിന് പോകുന്ന പല സ്ഥലങ്ങളിലും ആളുകളെ കാണുകയും അവരുടെ പ്രാഥമിക ആവശ്യങ്ങളും പരാതികളും കേൾക്കുകയും അവരുടെ ആവശ്യങ്ങൾ നിറവേറ്റുകയും ചെയ്യുന്നത് എൻ്റെ ജനക്ഷേമ പ്രസ്ഥാനത്തിലൂടെയാണ്. ക്ഷേമ പ്രവർത്തനങ്ങളിൽ മുഴുകുമ്പോൾ രാഷ്ട്രീയ നേട്ടങ്ങൾ ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിട്ടില്ല. കാലം ആവശ്യപ്പെടുകയാണെങ്കിൽ, ഭാവിയിൽ ജനങ്ങൾക്കുവേണ്ടി സംസാരിക്കാൻ ഞാൻ മടിക്കില്ല.” എന്നും അദ്ദേഹം പറയുന്നു.
ജയലളിതയുടെ മരണത്തിനു പിന്നാലെ ആർകെ നഗറിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാൻ വിശാല്‍ ശ്രമിച്ചിരുന്നു. എന്നാൽ, നാമനിർദേശ പത്രിക തള്ളിപ്പോയി.