വ്യവസായ വകുപ്പ് ക്ലീൻചിറ്റ് നൽകിയതോടെ എഐ ക്യാമറ ജൂണ്‍ 5 മുതല്‍ പിഴ ഈടാക്കി തുടങ്ങും. ഇതിനായി കൂടുതല്‍ ജീവനക്കാരെ നിയോഗിക്കാന്‍ ഗതാഗത വകുപ്പ് കെല്‍ട്രോണിനോട് ആവശ്യപ്പെട്ടു. ദിവസേന ഏകദേശം രണ്ടു ലക്ഷം നിയമലംഘനങ്ങൾക്ക് പിഴ ഈടാക്കും.
മുൻ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എപി എം മുഹമ്മദ് ഹരീഷ് നടത്തിയ അന്വേഷണത്തില്‍ ക്ലീന്‍ചിറ്റ് നല്‍കിയതോടെയാണ് എഐ ക്യാമറ പിഴ ഈടാക്കാനുള്ള നടപടികളിലേക്ക് കടക്കുന്നത്. ഓരോ ദിവസവും കണ്ടെത്തുന്ന നിയമ ലംഘനങ്ങള്‍ക്ക് ഏഴ് ദിവസത്തിനുള്ളില്‍ നോട്ടീസ് അയക്കും. നിലവിൽ ദിവസവും രണ്ടര ലക്ഷത്തോളം നിയമ ലംഘനങ്ങള്‍ ക്യാമറയില്‍ പെടുന്നുണ്ട്. അതിനാല്‍ പിഴ ഈടാക്കാന്‍ തുടങ്ങിയാല്‍ ദിവസവും രണ്ട് ലക്ഷം പേര്‍ക്കെങ്കിലും പിഴ നോട്ടീസ് അയക്കേണ്ടി വരും.
നിലവില്‍ 146 ജീവനക്കാരെയാണ് നോട്ടീസ് അയക്കാന്‍ കെല്‍ട്രോണ്‍ നിയോഗിച്ചിരിക്കുന്നത്. ഇവര്‍ക്ക് പരമാവധി 25,000 നോട്ടീസ് മാത്രമേ ഒരു ദിവസം അയക്കാൻ കഴിയൂ. അതിനാല്‍ 500 ജീവനക്കാരെ അധികമായി നിയമിക്കാന്‍ ഗതാഗത വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.
ക്യാമറ സ്ഥാപിച്ചതിൽ കെൽട്രോൺ സ്വീകരിച്ചഎല്ലാ നടപടികളും സുതാര്യമാണെന്നാണ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ റിപ്പോർട്ട്. കൂടാതെ കെൽട്രോൺ എസ്ആർഐടിയുമായുണ്ടായ കരാറിൽ ഉപകരാറുകരുടെ വിവരങ്ങൾ ഉൾപ്പെടുത്തിയതാണ് തെറ്റായ വ്യാഖ്യാനങ്ങൾക്ക് ഇടയാക്കിയതെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.