പാലക്കാട്: എ.ഐ കാമറയിൽനിന്ന് മന്ത്രിമാർക്കും വി.ഐ.പികൾക്കും ഇളവില്ലെന്ന് മോട്ടോർ വാഹന വകുപ്പ്. വിവരാവകാശ രേഖപ്രകാരമുള്ള അന്വേഷണത്തിനുള്ള മറുപടിയിലാണ് വകുപ്പ് ഇക്കാര്യം വ്യക്തമാക്കിയത്. മന്ത്രിമാർക്ക് ഉൾപ്പെടെ ഇളവ് നൽകാൻ നിയമമില്ലെന്ന് മറുപടിയിൽ അറിയിച്ചു.
എ.ഐ കാമറയിൽ നിയമലംഘനം ശ്രദ്ധയിൽപെട്ടാലും മന്ത്രിമാരുടെ വാഹനങ്ങൾക്ക് പിഴ ഈടാക്കേണ്ടതില്ലെന്നാണ് നേരത്തെ ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചിരുന്നത്. എന്നാൽ, എ.ഐ കാമറ പിഴയിൽനിന്ന് പ്രധാന വ്യക്തികൾക്കും മന്ത്രിമാർക്കും ഇളവുനൽകാൻ നിയമമോ വിജ്ഞാപനമോ ഉണ്ടോ എന്നാണ് വിവരാവകാശ പ്രകാരം അന്വേഷിച്ചത്. ഇല്ലെന്ന മറുപടിയാണ് ചോദ്യത്തിന് വിവരാവകാശ നിയമപ്രകാരം അസിസ്റ്റന്റ് ട്രാൻസ്‌പോർട്ട് കമ്മീഷണർ നൽകുന്നത്.
മന്ത്രിമാർക്കും വി.ഐ.പികൾക്കും റോഡ് നിയമത്തിൽ ഇളവില്ലെന്നിരിക്കെയാണ് നിയമലംഘനത്തിന് നടപടിയുണ്ടാവില്ലെന്ന് മന്ത്രി തന്നെ പറഞ്ഞത്. നിയമങ്ങൾ ചൂണ്ടിക്കാട്ടി ആരെങ്കിലും കോടതിയെ സമീപിച്ചാൽ നിയമലംഘനം നടത്തുന്ന മന്ത്രിമാരുടെ വാഹനങ്ങളും പിഴ അടക്കേണ്ടിവരും.