പെരുന്നാൾ അവധിക്കാലത്ത് യാത്രക്കാരെ വലച്ച് വീണ്ടും എയർ ഇന്ത്യ. ഇന്നലെ വൈകുന്നേരം 5.50 ന് ദുബൈയിൽ നിന്ന് കൊച്ചിയിലേക്ക് പുറപ്പെടേണ്ട വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് 21 മണിക്കൂറിലേറെ വെെകി. പറന്നുയരാൻ തയാറെടുക്കുന്നതിന് തൊട്ടുമുമ്പ് തകരാറിലായ വിമാനത്തിൽ നിന്ന് യാത്രക്കാരെ തിരിച്ചിറക്കുകയായിരുന്നു.
ശനിയാഴ്ച വൈകുന്നേരം 5.50 ന് പുറപ്പെടേണ്ട വിമാനം രണ്ട് മണിക്കൂറോളം വൈകിയാണ് പറന്നുയരാൻ തയാറെടുത്തത്. എന്നാൽ, എഞ്ചിൻ നിലച്ച വിമാനത്തിൽ നിന്ന് യാത്രക്കാരെ രാത്രി എട്ടരയോടെ തിരിച്ചിറക്കുകയായിരുന്നു.
തുടർന്ന് യാത്രക്കാരെ വിമാനത്താവളത്തിന്റെ ലോബിയിലേക്ക് മാറ്റുകയും ചെയ്തു. പിന്നീടുള്ള മണിക്കൂറുകൾ ഇവർക്ക് അനിശ്ചിതത്വത്തിന്റെയും ദുരിതങ്ങളുടേതുമായിരുന്നുവെന്ന് യാത്രക്കാർ പറയുന്നു.
യു എ ഇ റെസിഡന്റ് വിസയുള്ള യാത്രക്കാരെ പുലർച്ചെ ഹോട്ടലിലേക്ക് മാറ്റി. എന്നാൽ, സന്ദർശക വിസയിലുള്ള സ്ത്രീകളും കുട്ടികളും വിമാനത്താവളത്തിലെ നമസ്കാര മുറിയിലാണ് തലചായച്ചത്. ശാരീരിക അവശതകൾ നേരിടുന്ന ഗർഭിണികൾക്ക് പോലും പകരം സംവിധാനങ്ങൾ ഏർപ്പെടുത്താൻ എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ തയാറായില്ലെന്ന് യാത്രക്കാർ ചൂണ്ടിക്കാട്ടി.
21 മണിക്കൂറിലേറെ നീണ്ട അനിശ്ചിത്വത്തിനൊടുവിൽ ഇന്ന് ഉച്ചക്ക് 2.45 നാണ് വിമാനം കൊച്ചിയിലേക്ക് പറന്നത്. യു എ ഇയിലെ പെരുന്നാൾ ദിവസമായ വെള്ളിയാഴ്ച ഷാർജ-കോഴിക്കോട് വിമാനവും സമാനമായ രീതിയിൽ യാത്രക്കാരെ വലച്ചിരുന്നു.