ദുബൈ: യു.എ.ഇയിൽ നിന്ന് കേരളത്തിലേക്ക് എയർ ഇന്ത്യയുടെ വലിയ വിമാനങ്ങൾ സർവീസ് നിർത്തിയതോടെ നാട്ടിലെത്താനാകാതെ വലഞ്ഞ് കിടപ്പുരോഗികൾ. സ്ട്രച്ചർ സംവിധാനം വഴി അടിയന്തരമായി നാട്ടിലെത്തിക്കേണ്ട നിരവധി പേരാണ് നാടണയാനാകാതെ കഴിയുന്നത്. കേന്ദ്ര, സംസ്ഥാന സർക്കാറുകൾ പ്രശ്നത്തിൽ അടിയന്തരമായി ഇടപെടണമെന്ന് സാമൂഹിക പ്രവർത്തകരും പ്രവാസി കൂട്ടായ്മകളും ആവശ്യപ്പെട്ടു.
മാസത്തിൽ 15മുതൽ 20 രോഗികളെ വരെയാണ് യു.എ.ഇയിൽ നിന്ന് സ്ട്രച്ചർ സംവിധാനം മുഖേന നാട്ടിലെത്തിച്ചിരുന്നത്. ഇപ്പോൾ ഗുരുതരരോഗം ബാധിച്ചവരെ പോലും നാട്ടിലേക്കയക്കാനാവാത്ത സ്ഥിതിയാണ്. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തിട്ടും നാട്ടിലേക്ക് പോകാനാവാതെ കുടുങ്ങിയിരിക്കുകയാണ് ഗുരുതരരോഗം ബാധിച്ച പ്രവാസികൾ.
എയർ ഇന്ത്യയുടെ വലിയ വിമാനങ്ങളിലും എമിറേറ്റ്സ് എയർലൈനിലുമാണ് കേരളത്തിലേക്ക് കിടപ്പിലായ രോഗികളെ അയച്ചിരുന്നത്. എയർ ഇന്ത്യയിൽ താരതമ്യേന കുറഞ്ഞ നിരക്കിൽ രോഗികളെ നാട്ടിലെത്തിക്കാൻ സാധിച്ചിരുന്നു. എമിറേറ്റ്സ് ഉൾപ്പെടെയുള്ള വിമാനങ്ങളിൽ ഇതിന് ഉയർന്ന തുകയാണ് ഈടാക്കുന്നത്.കഴിഞ്ഞ മാസം എയർ ഇന്ത്യയുടെ കോഴിക്കോട് വിമാനങ്ങൾ നിർത്തിയതോടെയാണ് രോഗികൾ പ്രതിസന്ധിയിലായത്. ഇതിന്പിന്നാലെ കൊച്ചിയിലേക്ക് എയർ ഇന്ത്യയുടെ വലിയ വിമാനത്തിന്പകരം ചെറിയ വിമാനം ഏർപെടുത്തുകയും ചെയ്തു.
നിലവിൽ യു.എ.ഇയിൽനിന്ന്കേരളത്തിലേക്ക്സർവീസ്നടത്തുന്ന ഏക എയർ ഇന്ത്യവിമാനം ഇതാണ്. എന്നാൽ, ചെറിയ വിമാനമായതിനാൽ മാസത്തിൽ രണ്ടോ മൂന്നോ രോഗികളെ മാത്രമാണ് ഇതിൽ കയറ്റാനാവുക. വിമാനത്തിന്‍റെ ഒമ്പത് സീറ്റുകൾ മാറ്റിവെച്ചാണ് കിടപ്പുരോഗികൾക്ക് സൗകര്യമൊരുക്കുന്നത്. കേരളത്തിലേക്ക്എയർ ഇന്ത്യ എക്സ്പ്രസ് സർവീസ്നടത്തുന്നുണ്ടെങ്കിലും ഇതിൽ സ്ട്രച്ചർ സംവിധാനമില്ല.