ദുബൈ: ബെൻ ഗുരിയോൺ വിമാനത്താവളം ആക്രമിക്കപ്പെട്ടതിന് പിന്നാലെ ഇസ്രായേലിലേക്കുള്ള എയർ ഇന്ത്യ വിമാനം വഴി തിരിച്ചുവിട്ടു. ടെൽ അവീവിൽ ഇറങ്ങേണ്ട വിമാനം അബൂദബിയിലാണ് ലാൻഡ് ചെയ്തത്. ഇന്നു രാവിലെയായിരുന്നു ഇസ്രായേൽ വിമാനത്താവളത്തിനു നേരെ ഹൂതികൾ ആക്രമണം നടത്തിയത്.
ന്യൂഡൽഹിയിൽ നിന്ന് ടെൽ അവീവിലേക്കുള്ള എഐ-139 നമ്പർ ബോയിങ് വിമാനമാണ് അടിയന്തരമായി അബൂദബി വിമാനത്താവളത്തിൽ ഇറക്കിയത്. ഹൂതികളുടെ വ്യോമാക്രമണം നടക്കുന്ന സമയത്ത് ജോർദാൻ വ്യോമപാതയിലാണ് വിമാനമുണ്ടായിരുന്നത്. വിമാനം ഇറങ്ങാൻ നിശ്ചയിച്ച സമയത്തിന് ഒരു മണിക്കൂർ മുമ്പാണ് ഗുരിയോൺ ആക്രമിക്കപ്പെട്ടത്. അടിയന്തര സന്ദേശത്തിന് പിന്നാലെ വിമാനം അബൂദബിയിലേക്ക് വഴി തിരിച്ചുവിടുകയായിരുന്നു. വിമാനം ഉടൻ ഡൽഹിയിലേക്ക് തിരിക്കുമെന്ന് എയർ ഇന്ത്യ അറിയിച്ചു.



