കണ്ണൂര്‍: എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരുടെ സമരത്തെതുടർന്ന് കണ്ണൂർ വിമാനത്താവളത്തിൽ നാല് വിമാനങ്ങൾ റദ്ദാക്കി. ഷാർജ, അബുദാബി വിമാനങ്ങൾ ആണ് റദ്ദാക്കിയത്. വിമാനത്താവളത്തിൽ യാത്രക്കാര്‍ പ്രതിഷേധിച്ചു.
അതേസമയം തിരുവനന്തപുരം വിമാനത്താവളത്തിലെ യാത്രക്കാരുടെ പ്രതിഷേധം ഒത്തുതീർപ്പാക്കി. പണം തിരികെ നൽകിയും വിമാനം റീ ഷെഡ്യൂൾ ചെയ്തുമാണ് പ്രശ്നം പരിഹരിച്ചത്. യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടായതിൽ ഖേദം ഉണ്ടെന്നും പ്രശ്നം പരിഹരിക്കാൻ വേണ്ടതെല്ലാം ചെയ്യുമെന്നും എയർ ഇന്ത്യ അറിയിച്ചു.
ജീവനക്കാർ കൂട്ടമായി അവസാന സമയത്ത് അസുഖ അവധി എടുത്തതിനാലാണ് സർവീസുകൾ റദ്ദ് ചെയ്യേണ്ടി വന്നതെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. ഇവർ കൂട്ട അവധി എടുക്കുകയും മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്യുകയും ചെയ്തതോടെ സർവീസുകൾ പ്രതിസന്ധിയിലാവുകയായിരുന്നു.
എയർലൈനിലെ തൊഴിൽ സംബന്ധമായ വിഷയങ്ങളിൽ പ്രതിഷേധിച്ചാണ് ജീവനക്കാരുടെ നടപടിയെന്നാണ് അനൗദ്യോഗികമായി പറയുന്നത്.