യാത്രികര്‍ക്കുള്ള ലോഞ്ച് സൗകര്യം കൂടുതല്‍ ആഭ്യന്തര-രാജ്യാന്തര വിമാനത്താവളങ്ങളിലേക്കു കൂടി വ്യാപിപ്പിച്ച് എയര്‍ ഇന്ത്യ. ഫസ്റ്റ് ക്ലാസ്, ബിസിനസ് ക്ലാസ് യാത്രികര്‍ക്കും തെരഞ്ഞെടുത്ത യാത്രികര്‍ക്കുമാണ് എയര്‍ ഇന്ത്യയുടെ ലോഞ്ച് സൗകര്യം ആസ്വദിക്കാനാവുക. അഞ്ചു വര്‍ഷത്തിനുള്ളില്‍ യാത്രികര്‍ക്ക് കൂടുതല്‍ സൗകര്യങ്ങളൊരുക്കുകയെന്ന എയര്‍ ഇന്ത്യയുടെ Vihaan.AI പദ്ധതിയുടെ ഭാഗമായാണ് ഈ നടപടി.
നിലവില്‍ 16 വിമാനത്താവളങ്ങളിലെ ലോഞ്ച് സൗകര്യം എയര്‍ ഇന്ത്യ പ്രീമിയം യാത്രികര്‍ക്ക് ഉപയോഗിക്കാന്‍ സാധിച്ചിരുന്നെങ്കില്‍ ഇനി മുതല്‍ അത് 26 വിമാനത്താവളങ്ങളായി മാറും. ദിബുഗ്രഹ്, ഇന്‍ഡോര്‍, ജമ്മു, മധുര, നാഗ്പൂര്‍, പട്‌ന, ശ്രീനഗര്‍, വഡോദര എന്നീ വിമാനത്താവളങ്ങളിലെ സ്വീകരണ മുറികള്‍ ഇനി മുതല്‍ എയര്‍ ഇന്ത്യ യാത്രികര്‍ക്കും ആസ്വദിക്കാനാവും.
ലോഞ്ചുകള്‍ ലഭ്യമല്ലാത്ത 11 വിമാനത്താവളങ്ങളില്‍ ഫുഡ് കോര്‍ട്ട് സൗകര്യം ആസ്വദിക്കാനും എയര്‍ ഇന്ത്യയില്‍ യാത്ര ചെയ്യുന്ന പ്രീമിയം യാത്രികര്‍ക്ക് ഇനിമുതല്‍ സാധിക്കും. ഇതോടെ ഇന്ത്യയില്‍ 37 വിമാനത്താവളങ്ങളിലെ ലോഞ്ചുകളിലേക്കോ ഫുഡ് കോര്‍ട്ടിലേക്കോ എയര്‍ ഇന്ത്യ യാത്രികര്‍ക്ക് പ്രവേശനം ലഭ്യമാവും. എയര്‍ലൈനുകളുമായി സഹകരിച്ചും എയര്‍ ഇന്ത്യ യാത്രികര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുന്നുണ്ട്.
രാജ്യാന്തര തലത്തില്‍ 41 വിമാനത്താവളങ്ങളില്‍ എയര്‍ ഇന്ത്യ യാത്രികര്‍ക്ക് ഇനി മുതല്‍ ലോഞ്ച് സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. ഷിക്കാഗോ(സ്വിസ്‌പോര്‍ട്ട് ലോഞ്ച്), ന്യൂയോര്‍ക്ക് ന്യുവാര്‍ക് ലിബര്‍ട്ടി(എസ്എഎസ് ലോഞ്ച്), ടോക്യോ നരിത(ജപ്പാന്‍ എയര്‍ലൈനിന്റെ സകുറ ലോഞ്ച്), ബാങ്കോക്ക്(സിംഗപ്പൂര്‍ എയര്‍ലൈനിന്റെ സില്‍വര്‍ക്രിസ് ലോഞ്ച്), ധാക്ക(ബലാക്ക എക്‌സിക്യൂട്ടീവ് ലോഞ്ച്) എന്നീ വിമാനത്താവളങ്ങളില്‍ അടക്കം എയര്‍ ഇന്ത്യ പ്രീമിയം യാത്രികര്‍ക്ക് ലോഞ്ച് സൗകര്യം ലഭ്യമാണ്.