സലാല: സർവീസ് വർധിപ്പിച്ച് എയർ ഇന്ത്യ എക്‌സ്പ്രസ്. സലാല- കോഴിക്കോട് റൂട്ടിലാണ് എയർ ഇന്ത്യ എക്‌സ്പ്രസ് സർവീസ് വർധിപ്പിച്ചത്. ആഴ്ചയിൽ ഞായർ, വ്യാഴം എന്നീ ദിവസങ്ങളിലാണ് സർവീസ് ഉണ്ടാവുക. ഈ വരുന്ന ആഴ്ച മുതലാണ് വർധിപ്പിച്ച സർവീസ് ആരംഭിക്കുക.
സലാലയിൽ നിന്ന് രാവിലെ 10.55ന് പുറപ്പെടുന്ന വിമാനം പ്രാദേശിക സമയം 4.15നാണ് കോഴിക്കോടെത്തുക. തിരിച്ച് കോഴിക്കോട് നിന്ന് രാവിലെ 7.15ന് പുറപ്പെടുന്ന വിമാനം ഒമാൻ സമയം 9.55ന് സലാലയിൽ ലാൻഡ് ചെയ്യും. ദോഫാർ, അൽ വുസ്ത മേഖലയിൽ നിന്നുള്ള പ്രവാസികൾക്ക് ഏറെ ആശ്വാസകരമാകുന്നതാണ് അധിക സർവീസുകൾ.