ദോഹ: ദക്ഷിണാഫ്രിക്കൻ വിമാനക്കമ്പനിയായ എയർ ലിങ്കിന്റെ 25 ശതമാനം ഓഹരികൾ സ്വന്തമാക്കി ഖത്തർ എയർവേസ്. ആഫ്രിക്കൻ വൻകരയിൽ സ്വാധീനം വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് നിക്ഷേപം. ദക്ഷിണാഫ്രിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ വിമാനക്കമ്പനിയാണ് എയർ ലിങ്ക്. നിലവിൽ 15 ആഫ്രിക്കൻ രാജ്യങ്ങളിലായി 45 ഡെസ്റ്റിനേഷനുകളിലേക്ക് കമ്പനി സർവീസ് നടത്തുന്നത്. കമ്പനിയുടെ 25 ശതമാനം ഓഹരിയാണ് ഖത്തർ എയർവേസ് സ്വന്തമാക്കിയിരിക്കുന്നത്. എന്നാൽ തുക വ്യക്തമാക്കിയിട്ടില്ല.ഇക്കാര്യത്തിൽ റെഗുലേറ്ററി അപ്രൂവൽ ലഭിക്കണമെന്ന് ഖത്തർ എയർവേസ് സിഇഒ ബദർ അൽ മീർ പറഞ്ഞു.
എയർ ലിങ്ക് സിഇഒ റോജർ ഫോസ്റ്ററും ചടങ്ങിൽ പങ്കെടുത്തു. എയർ ലിങ്കിന്റെ 14 അംഗ ഡയറക്ടർ ബോർഡിൽ രണ്ടംഗങ്ങളാണ് ഖത്തർ എയർവേസിലുണ്ടാവുക.എയർ ലിങ്കുമായി കോഡ് ഷെയർ കരാറും ഖത്തർ എയർവേസിനുണ്ട്.2019 ൽ റുവാണ്ട് എയറിന്റെ ഷെയർ ഖത്തർ എയർവേസ് സ്വന്തമാക്കിയിരുന്നു. റുവാണ്ടയിലെ പുതിയ വിമാനത്താവളത്തിലും ഖത്തർ എയർവേസിന് കാര്യമായ പങ്കാളിത്തമുണ്ട്.