ദോഹ: വിർജിൻ ഓസ്‌ട്രേലിയ വിമാനക്കമ്പനിയുടെ ഓഹരി സ്വന്തമാക്കാനുള്ള ഖത്തർ എയർവേസിന്റെ നീക്കങ്ങൾ അന്തിമ ഘട്ടത്തിൽ. വിർജിൻ ഓസ്‌ട്രേലിയ ഉടമസ്ഥരായ ബെയിൻ ക്യാപിറ്റലിൽ നിന്ന് 25 ശതമാനം ഓഹരികൾ വാങ്ങാനാണ് ഖത്തർ എയർവേസ് ധാരണയിൽ എത്തിയിരിക്കുന്നത്. ഫോറിൻ ഇൻവെസ്റ്റ്‌മെന്റ് റിവ്യൂ ബോർഡിന്റെ അനുമതി ലഭിക്കുന്നതോടെ കരാർ യാഥാർഥ്യമാകും. ഖത്തർ എയർവേസുമായുള്ള സഹകരണം ഓസ്‌ട്രേലിയയുടെ വ്യോമയാന മേഖലയിൽ വലിയ മാറ്റങ്ങൾക്ക് ഇടയാക്കുമെന്ന് വിർജിൻ ഓസ്‌ട്രേലിയ പ്രസ്താവനയിൽ പറഞ്ഞു.
ബ്രിസ്‌ബെയിൻ, മെൽബൺ,പെർത്ത്, സിഡ്‌നി തുടങ്ങിയ ഓസ്‌ട്രേലിയൻ നഗരങ്ങളിൽ നിന്ന് ദോഹയിലേക്ക് സർവീസുകൾ നടത്താൻ കമ്പനിക്ക് കഴിയും.നേരത്തെ ഓസ്‌ട്രേലിയയിലേക്ക് കൂടുതൽ സർവീസുകൾ നടത്താൻ ഖത്തർ എയർവേസ് ശ്രമം നടത്തിയിരുന്നു. എന്നാൽ ഓസ്‌ട്രേലിയൻ സർക്കാർ ഇതിന് അനുമതി നിഷേധിച്ചതോടെ നീക്കം ഉപേക്ഷിക്കേണ്ടി വന്നു.ഖത്തർ എയർവേസും വിർജിൻ ഓസ്‌ട്രേലിയയും തമ്മിൽ നിലവിൽ കോഡ് ഷെയർ അടക്കമുള്ള സഹകരണം തുടരുന്നുണ്ട്. പുതിയ നിക്ഷേപം ഏവിയേഷൻ മേഖലയിലെ മത്സരം വർധിപ്പിക്കാനും യാത്രക്കാർക്ക് മെച്ചപ്പെട്ട സൗകര്യങ്ങൾ ലഭ്യമാക്കാനും കാരണമാകുമെന്ന് ഖത്തർ എയർവേസ് സിഇഒ ബദർ മുഹമ്മദ് അൽമീർ പറഞ്ഞു.