ദോഹ:ആകാശ എയറിന്റെ ആദ്യ അന്താരാഷ്ട്ര വിമാനത്തെ സ്വാഗതം ചെയ്ത് ഖത്തറിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം. മാർച്ച് 28 നായിരുന്നു ആകാശ എയറിന്റെ ആദ്യ അന്താരാഷ്ട്ര സർവീസ് മുംബൈയിൽ നിന്ന് ദോഹയിലേക്ക് പറന്നത്. ഇതോടെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങുന്ന 47-ാമത്തെ വിദേശ വിമാനക്കമ്പനിയായി ആകാശ എയർ മാറി.
ഇന്ത്യയിലെ ആഭ്യന്തര വിമാനക്കമ്പനിയായ ആകാശ എയറിന്റെ ആദ്യ അന്താരാഷ്ട്ര വിമാനമാണ് വ്യാഴാഴ്ച മുബൈയിൽ നിന്ന് ദോഹയിലെത്തിയത്. ബുധൻ, വ്യാഴം, ശനി, ഞായർ ദിവസങ്ങളിലായിരിക്കും ആകാശ എയറിന്റെ മുബൈ-ദോഹ വിമാനങ്ങൾ സർവീസുകൾ നടത്തുക. അഹമ്മദാബാദ്, ഗോവ, വാരണാസി, ലഖ്‌നൗ, ബംഗളൂരു, കൊച്ചി, ദൽഹി തുടങ്ങിയ നഗരങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് മുംബൈ വഴി ദോഹയിലേക്കും തിരിച്ചും യാത്ര ചെയ്യുന്നതിന് കണക്ഷൻ സർവീസുകൾ ഉണ്ടായിരിക്കുമെന്ന് എയർലൈൻ അറിയിച്ചു. വരും മാസങ്ങളിൽ കുവൈത്ത് സിറ്റി, റിയാദ്, ജിദ്ദ എന്നീ നഗരങ്ങളിലേക്കും സർവീസുകൾ ആരംഭിച്ചേക്കും.
2022 ആഗസ്റ്റ് ഏഴിനാണ് മുംബൈ കേന്ദ്രമായുള്ള എസ്എൻവി ഏവിയേഷന്റെ ആകാശ എയർ, വിമാന സർവീസ് ആരംഭിക്കുന്നത്. നിലവിൽ 24 ബോയിങ് 737 മാക്‌സ് വിമാനങ്ങളുള്ള ആകാശ എയർ കൂടുതൽ അന്താരാഷ്ട്ര സർവീസുകൾ ആരംഭിക്കാനുള്ള ഒരുക്കത്തിലാണ്.