ഹൈദരാബാദ്: തിക്കിലും തിരക്കിലും ആരാധകയും മകനും മരിച്ച സംഭവത്തിൽ അല്ലു അർജുനെതിരെ കൂടുതൽ തെളിവുകൾ പുറത്തുവിട്ട് പൊലീസ്. നടൻ പറഞ്ഞ വാദങ്ങളെല്ലാം കളവെന്ന് തെളിയിക്കുന്ന, സിസിടിവി ദൃശ്യങ്ങൾ അടക്കമുള്ള തെളിവുകളാണ് പൊലീസ് പുറത്തുവിട്ടത്.
അല്ലു അർജുൻ വരുന്നുണ്ടെന്നും സുരക്ഷ ഒരുക്കണമെന്നും ആവശ്യപ്പെട്ട് സന്ധ്യ തിയേറ്റർ അധികാരികൾ പൊലീസിനെ ഡിസംബർ രണ്ടിന് കണ്ടിരുന്നു. എന്നാൽ തിരക്ക് കൈവിട്ടുപോകുമെന്നതിനാൽ പൊലീസ് ഇതിന് അനുമതി നിഷേധിച്ചു. എന്നാൽ ഇതൊന്നും വകവെയ്ക്കാതെ അല്ലു അർജുൻ തിയേറ്റർ സന്ദർശനത്തിന് എത്തുകയായിരുന്നു എന്ന് എസിപി രമേശ് പറഞ്ഞു. യുവതി മരിച്ച വിവരം അല്ലു അർജുനെ അറിയിക്കാൻ ചെന്നപ്പോൾ, അദ്ദേഹത്തിന്റെ മാനേജരായ സന്തോഷ് തന്നെ തടഞ്ഞുവെന്നും, മരണവിവരം അറിഞ്ഞുകൊണ്ടുതന്നെ അല്ലു അർജുൻ സിനിമ കാണുന്നത് തുടർന്നുവെന്നും പൊലീസ് പറഞ്ഞു. ‘സ്ഥിതിഗതികൾ കൈവിട്ടുപോകുകയാണെന്ന് അല്ലുവിനെ അറിയാമായിരുന്നു, എന്നിട്ടും അദ്ദേഹം സിനിമ കാണൽ തുടർന്നു’വെന്ന് പൊലീസ് പറഞ്ഞു. യുവതിയുടെ മരണം താൻ പിറ്റേ ദിവസം മാത്രമാണ് അറിഞ്ഞത് എന്നായിരുന്നു അല്ലു അർജുൻ മുൻപ് പറഞ്ഞിരുന്നത്.
അപകടം ഉണ്ടായ തിയേറ്ററിലെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പുറത്തുവിട്ടു. കനത്ത പൊലീസ് കാവലിലാണ് നടൻ തിയേറ്റർ വിടുന്നത്. തിരക്ക് അനിയന്ത്രിതമായതിനാൽ തിരിച്ചുപോകുമ്പോൾ ആരാധകരെ കാണരുതെന്ന് അല്ലുവിനോട് പൊലീസ് അഭ്യർത്ഥിച്ചിരുന്നു. എന്നാൽ ഈ നിർദേശവും നടൻ ലംഘിക്കുകയാണ് ചെയ്തത്. സിനിമാ തീയേറ്ററിൽ നിന്ന് പോലും നടനെ പൊലീസ് നിർബന്ധിച്ചാണ് പുറത്തിറക്കിയത് എന്നും എസിപി പറയുന്നു.