ആലുവയിൽ ആറുവയസുകാരിയെ കൊലപ്പെടുത്തിയ അസ്ഫാക് സ്ഥിരം പ്രശ്നക്കാരനാണെന്ന് പിതാവ് നൈമുൾ ഹഖ്. കേരളത്തിലെ കേസിനെ കുറിച്ച് അറിയില്ല. അസ്ഫാക്കിനെ കുറിച്ച് അറിയാൻ താല്പര്യമില്ല. കേരള പൊലീസ് ഇതുവരെ ബന്ധപ്പെട്ടിട്ടില്ല. അസ്ഫാകിനെ ഒരു എള്ളിട പോലും സഹായിക്കില്ല.
എന്ത് തെറ്റ് ചെയ്താലും അതിന്റെ ഫലം സ്വയം അനുഭവിക്കട്ടെ, കുടുംബത്തിൽ ആരും സഹായിക്കില്ല. അസ്ഫാക്കിനെ വീട്ടിൽ കെട്ടിയിട്ട് പൊലീസിന് കൈമാറിയിട്ടുണ്ട്. രണ്ടര വർഷം മുൻപാണ് അവനെ പുറത്താക്കിയത്. അസ്ഫാക്ക് എവിടെ എന്ന് അറിയില്ലെന്നും അവൻ ഇപ്പോൾ തന്റെ മകനല്ല എന്നും പിതാവ് മാധ്യമങ്ങളോട് പറഞ്ഞു.
അസ്ഫാക്കിനെ വീട്ടിൽ നിന്നും പുറത്താക്കിയതായി കുടുംബം രേഖ തയ്യാറാക്കിയിട്ടുണ്ട്. 2022 ഏപ്രിൽ 13നാണ് രേഖ തയ്യാറാക്കിയത്. അസ്ഫാക് ലഹരിക്ക് അടിമയെന്ന് രേഖയിൽ പറയുന്നു. കുടുംബത്തിന് അസ്ഫാക്കിൽ യാതൊരു ഉത്തരവാദിത്തവും ഇല്ലെന്ന് രേഖയിൽ വ്യക്തമാക്കുന്നു. അസ്ഫാക് സ്ഥിരം കുറ്റവാളിയെന്ന് ശരി വയ്ക്കുന്നതാണ് രേഖ.
ഇതിനിടെ അസ്ഫാക്കിന് ശിക്ഷ ലഭിക്കണമെന്ന് സഹോദരൻ റഫീഖ് ആലം പറഞ്ഞു. കേരളത്തിലെ കേസിനെക്കുറിച്ച് കൂടുതലൊന്നും അറിയില്ല, കേരള പോലീസ് ഇതുവരെ ബന്ധപ്പെട്ടിട്ടില്ല. കേരളത്തിൽ പരിചയമുള്ള ആരുമില്ല. കേസിൽ അസ്ഫാകിനെ സഹായിക്കില്ല. അസ്ഫാക്കിന് എതിരെ നാട്ടിൽ ഒരു കേസ് പോലും ഇല്ല. രണ്ടു വർഷം മുമ്പാണ് വീടുവിട്ടത്. അതിനുശേഷം ഫോൺ ചെയ്തിട്ട് പോലുമില്ല. ഡൽഹിയിൽ അസ്ഫാക്കിന് എതിരായ കേസ് വ്യാജമാണെന്നും സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് വ്യാജ കേസ് നൽകുകയായിരുന്നുവെന്നും സഹോദരൻ പ്രതികരിച്ചു.