അംബാനി ഹുറൂണിന്റെ ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടികയിൽ ഒന്നാമത്. അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളികൊണ്ടാണ് അംബാനി ഒന്നാം സ്ഥാനത്തേക്കെത്തിയത്. 360 ONE Wealth Hurun India Rich List 2023 അനുസരിച്ച്, 2022ൽ ഗൗതം അദാനി മുകേഷ് അംബാനിയുടെ സമ്പത്തിനേക്കാൾ 3 ലക്ഷം കോടി രൂപ മുന്നിലായിരുന്നു, എന്നാൽ 2023 ൽ അംബാനി 3.3 ലക്ഷം കോടി രൂപ അദാനിയെക്കാൾ മുന്നിലാണ്.
ഹിൻഡൻബർഗ് റിസർച്ച് റിപ്പോർട്ട് പുറത്തു വന്നതിന് ശേഷമാണ് ഗൗതം അദാനി രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്. ഒരു വർഷത്തിനുള്ളിൽ അദാനിയുടെ സമ്പത്തിൽ 6,19,000 കോടി രൂപയുടെ ഇടിവാണ് ഉണ്ടായത്.
കഴിഞ്ഞ ദശകത്തിൽ റിലയൻസ് ഇൻഡസ്ട്രീസ് 15000 കോടി യുഎസ് ഡോളറിലധികം നിക്ഷേപം നടത്തി, ഇന്ത്യയിലെ മറ്റേതൊരു കമ്പനിയെയും കടത്തിവെട്ടി. മുകേഷ് അംബാനിയുടെ സമ്പത്ത് 2014ൽ 165,100 കോടി രൂപ ആയിരുന്നത് ഏകദേശം 808,700 കോടി രൂപയായി ഉയർന്നു.
അംബാനി, അദാനി എന്നിവർക്ക് പുറമെ സൈറസ് പൂനവാല, ശിവ് നാടാർ, ഗോപിചന്ദ് ഹിന്ദുജ, ദിലീപ് സാംഗ്‌വി, എൽഎൻ മിത്തൽ, രാധാകിഷൻ ദമാനി, കെഎം ബിർള, നീരജ് ബജാജ് എന്നിവരാണ് യഥാക്രമം ആദ്യ 10 സ്ഥാനങ്ങളിൽ വന്നിരിക്കുന്നത്.