എച്ച്1ബി വിസയുള്ളവരുടെ ഭാര്യാഭർത്താക്കന്മാർക്ക് ഇനി അമേരിക്കയിൽ ജോലി ചെയ്യാമെന്ന പുതിയ കോടതി വിധി ഇന്ത്യക്കാർക്കും ആശ്വാസം നൽകുന്നു. ടെക് മേഖലയിലെ ജോലികളിൽ കൂട്ടപിരിച്ചുവിടൽ ഉണ്ടായതിനാൽ ഈ കോടതി വിധിയോടെ വിദേശ തൊഴിലാളികൾക്ക് അമേരിക്കയിൽ തുടർന്നും നിൽക്കാമെന്ന് കുറച്ചെങ്കിലും പ്രതീക്ഷ നൽകുന്നു. എച്ച്1ബി വിസ ഉടമകളുടെ ചില വിഭാഗങ്ങളിലെ പങ്കാളികൾക്ക് തൊഴിൽ അംഗീകാര കാർഡുകൾ അനുവദിക്കുന്ന ഒബാമയുടെ കാലത്തെ നിയന്ത്രണം തള്ളിക്കളയാൻ ആവശ്യപ്പെട്ട് സേവ് ജോബ്സ് യുഎസ്എ ഫയൽ ചെയ്ത വ്യവഹാരത്തിന് ശേഷമാണ് തീരുമാനം.
ആമസോൺ, ആപ്പിൾ, ഗൂഗിൾ, മൈക്രോസോഫ്റ്റ് എന്നിവയുൾപ്പെടെയുള്ള ടെക് ഭീമന്മാർ എതിർത്തു. എച്ച്1ബി തൊഴിലാളികളുടെ ജീവിതപങ്കാളികൾക്ക് ഏകദേശം 100,000 വർക്ക് ഓതറൈസേഷനുകൾ യുഎസ് നൽകിയിട്ടുണ്ട്, ഇതിൽ വലിയൊരു വിഭാഗം ഇന്ത്യക്കാരാണ്.വിദഗ്ധരായ വിദേശ തൊഴിലാളികൾക്ക് അമേരിക്കയിൽ വരാനും അമേരിക്കൻ കമ്പനികളിൽ ജോലി ചെയ്യാനും കഴിയുന്ന തരത്തിലാണ് എച്ച് 1 ബി വിസ പ്രോഗ്രാം രൂപകൽപ്പന ചെയ്തിരിക്കുന്നത്. അടുത്ത കാലം വരെ എച്ച് 1 ബി പങ്കാളികൾക്ക് ജോലി ചെയ്യാൻ അനുവാദമില്ലായിരുന്നു, ഇത് പലപ്പോഴും കുടുംബങ്ങൾക്ക് കാര്യമായ സാമ്പത്തിക ബാധ്യത ഉണ്ടാക്കിയിരുന്നു.
‘എച്ച്1ബി പങ്കാളികളെ ജോലി ചെയ്യാൻ അനുവദിക്കുന്നത് സാമ്പത്തിക നീതിയുടെ മാത്രം കാര്യമല്ല, മറിച്ച് കുടുംബ ഐക്യത്തിന്റെയും സ്ഥിരതയുടെയും കാര്യമാണ്. കോടതിയുടെ തീരുമാനത്തെ ഞാൻ അഭിനന്ദിക്കുന്നു, കൂടുതൽ അനുകമ്പയും നീതിയുക്തവുമായ ഇമിഗ്രേഷൻ സംവിധാനത്തിലേക്കുള്ള ആദ്യപടി മാത്രമാണിതെന്ന് ഞാൻ പ്രതീക്ഷിക്കുന്നു,” കുടിയേറ്റ അവകാശങ്ങൾക്കു വേണ്ടി പോരാടുന്ന അജയ് ബൂട്ടോറിയ പറഞ്ഞു.