തിരുവനന്തപുരം : യുഎസ് സന്ദർശന വേളയിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നടത്തിയ ട്രക്ക് യാത്ര ‘വ്യാജ’മാണെന്ന് പരിഹസിച്ച് ബിജെപി നേതാവ് അനിൽ ആന്റണി. വ്യാജ ആഖ്യാനം സൃഷ്ടിക്കാനുള്ള കോൺഗ്രസിന്റെയും രാഹുൽ ഗാന്ധിയുടെയും മറ്റൊരു ശ്രമം കൂടി പൊളിഞ്ഞടുങ്ങിയതായി, മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ.ആന്റണിയുടെ മകൻ കൂടിയായ അനിൽ ട്വിറ്ററിൽ കുറിച്ചു.
രാഹുൽ യാത്ര ചെയ്ത ട്രക്ക് ഓടിച്ചിരുന്നത് സാധാരണ ഡ്രൈവറല്ലെന്നും, ഇന്ത്യൻ ഓവർസീസ് യൂത്ത് കോൺഗ്രസിന്റെ അമേരിക്കയിലെ പ്രസിഡന്റാണെന്നുമുള്ള വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് അനിൽ ആന്റണിയുടെ പരിഹാസം. രാഹുൽ യാത്ര ചെയ്ത ട്രക്കിന്റെ ഡ്രൈവർ തൽജീന്ദർ സിങ് വിക്കി ഗിൽ ഇന്ത്യൻ ഓവർസീസ് യൂത്ത് കോൺഗ്രസ് അമേരിക്കയുടെ (ഐഒവൈസിഎ) പ്രസിഡന്റാണെന്നാണ് പുതിയ വെളിപ്പെടുത്തൽ.
‘‘വ്യാജ ആഖ്യാനങ്ങൾ സൃഷ്ടിക്കാനുള്ള കോൺഗ്രസിന്റെയും രാഹുൽ ഗാന്ധിയുടെയും മറ്റൊരു ശ്രമം കൂടി പൊളിഞ്ഞടുങ്ങിയിരിക്കുന്നു. വിദ്വേഷം നിമിത്തം പാർട്ടി വിട്ട, മുൻപ് ബിജെപി ആരാധകനായിരുന്ന ആ സാധാരണക്കാരനായ ട്രക്ക് ഡ്രൈവർ ഇന്ത്യൻ ഓവർസീസ് കോൺഗ്രസിന്റെ യൂത്ത് പ്രസിഡന്റാണ്’ – അനിൽ ആന്റണി ട്വിറ്ററിൽ കുറിച്ചു.