കൊച്ചി: സംസ്ഥാനത്തെ മുഴുവന്‍ ബസുകളും ക്യാമറ നിരീക്ഷണത്തിലേക്ക്. ബസുകളുടെ അകവും പുറവും കാണാനാകുംവിധം രണ്ട് ക്യാമറകള്‍ ഈ മാസംതന്നെ ഘടിപ്പിക്കണമെന്നാണു നിര്‍ദേശം. സ്വകാര്യബസുകളുടെ നിയമലംഘനവും അപകടങ്ങളും വര്‍ധിച്ച പശ്ചാത്തലത്തില്‍ ഗതാഗതമന്ത്രി ആന്റണി രാജു വിളിച്ചു ചേര്‍ത്ത യോഗത്തിലാണു തീരുമാനം. പകുതി ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്നും ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു. ജീവനക്കാര്‍ക്കു ഹെല്‍ത്ത്കാര്‍ഡ് ഏര്‍പ്പെടുത്താനും തീരുമാനമായി.
സംസ്ഥാനത്ത് സര്‍വീസ് നടത്തുന്ന മുഴുവന്‍ ബസുകളിലും രണ്ടു ക്യാമറകള്‍ ഈ മാസം 28ന് മുന്‍പ് ഘടിപ്പിക്കണം. ഒരു ക്യാമറയ്ക്ക് നാലായിരം രൂപ ചെലവെന്നാണു കണക്കാക്കിയിരിക്കുന്നത്. സംസ്ഥാനത്ത് സര്‍വീസ് നടത്തുന്ന 7,686 ബസുകളിലും ക്യാമറ ഘടിപ്പിക്കുന്നതിന്റെ പകുതി ചെലവ് റോഡ് സുരക്ഷാ അതോറിറ്റി വഹിക്കും. കെഎസ്ആര്‍ടിസി ബസുകള്‍ക്കു മുഴുവന്‍ തുകയും നല്‍കും.
ഓരോ ആര്‍ടി ഓഫിസുകളുടെ കീഴിലും വരുന്ന ബസുകളുടെ മുഴുവന്‍ കാര്യങ്ങള്‍ക്കും ഓരോ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തും. ഡ്രൈവറുടെ ലൈസന്‍സ് വിശദാംശങ്ങള്‍ ബസുടമ മുന്‍കൂട്ടി ആര്‍ടി ഓഫിസില്‍ അറിയിക്കണം. സാധുവായ ഡ്രൈവിങ് ലൈസന്‍സില്ലെങ്കില്‍ ബസുകളുടെ ഫിറ്റ്നസും പെര്‍മിറ്റും റദ്ദാക്കും. കൊച്ചി നഗത്തിലെ ഗതാഗത നിയമലംഘനങ്ങള്‍ അറിയിക്കുന്നതിനുള്ള നമ്പറും പ്രസിദ്ധീകരിച്ചു.