തിരുവനന്തപുരം : ലത്തീൻ സഭയുടെ ചാമ്പ്യൻഷിപ്പ് ഏറ്റെടുക്കാൻ സഭ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് മന്ത്രി ആന്റണി രാജു. ഫാ. യുജിൻ പെരേരയ്‌ക്കെതിരെയായിരുന്നു മന്ത്രിയുടെ വിമർശനം. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
‘‘ആഗോള കത്തോലിക്കാ സഭയാണ് ലത്തീൻ സഭ. ആ സഭയുടെ മൊത്തം ചാമ്പ്യൻഷിപ്പ് ഏറ്റെടുക്കാൻ സഭ, ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. സഭ ഞാനാണ്, ഐ ആം ദ് കിങ് എന്ന് ഞാൻ സ്വയം പ്രഖ്യാപിച്ചാൽ അങ്ങനെയാകുമോ?. സഭയെന്ന് പറയുന്നത് ഇടവകകളും അൽമായരും ചേരുന്നതാണ്. ഈ വിഷയത്തിൽ വിഴിഞ്ഞം ഇടവകയുടെ പരസ്യ പ്രസ്താവന വന്നതോടെ, ഇതിനെല്ലാമുള്ള മറുപടിയാണ്. വിഴിഞ്ഞം ഇടവകയുടെ അഭിപ്രായത്തോടെ ജനങ്ങളുടെ വികാരമെന്താണെന്നത് ബോധ്യപ്പെട്ടു. ചടങ്ങിലേക്ക് ക്ഷണിക്കേണ്ടവരെയെല്ലാം ക്ഷണിക്കും. അവരാണ് പങ്കെടുക്കണോ, വേണ്ടയോ എന്നത് തീരുമാനിക്കേണ്ടത്. പേരില്ലാത്തവരല്ല കാര്യങ്ങള്‍ നിശ്ചയിക്കേണ്ടത്. രാജ്യവും, കേരളവും അംഗീകരിച്ച പദ്ധതിയെ എന്തിന്റെ പേരിലാണ് വിമർശിക്കുന്നതെന്ന് വിമർശകർക്ക് പോലും മറുപടി പറയാൻ കഴിയുന്നില്ല ’’– ആന്റണി രാജു പറഞ്ഞു.