ആപ്പിളിന്റെ ഓൺലൈൻ പണമിടപാട് സേവനമായ ആപ്പിൾ പേ ഇന്ത്യയിൽ അവതരിപ്പിച്ചേക്കുമെന്ന് റിപ്പോർട്ട്. ഗൂഗിൾ പേ, പേടിഎം, ഫോൺ പേ തുടങ്ങിയ കമ്പനികൾ അരങ്ങു വാഴുന്നയിടത്തേക്കാണ് ആപ്പിൾ പേയുടെ വരവ്. ഇക്കാര്യത്തിൽ ആപ്പിൾ നാഷ്ണൽ പേയ്‌മെന്റ് കോർപറേഷൻ ഓഫ് ഇന്ത്യ (എൻ.പി.സി.ഐ) അധികൃതരുമായി ചർച്ച നടത്തുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. സൗത്ത് എഷ്യൻ രാജ്യങ്ങളിൽ സേവനങ്ങൾ വിപുലപ്പെടുത്തതിന്റെ ഭാഗമായാണ് പുതിയ നടപടി.
അടുത്തിടെ ആപ്പിൾ സി.ഇ.ഓ ടിം കുക്ക് ആപ്പിൾ പേയുടെ ലോക്കലൈസേഷന്റെ ഭാഗമായി ഇന്ത്യൻ ബാങ്കുകാരുമായി കൂടികാഴ്ചനടത്തിയിരുന്നു. അപ്പിൾ പേ യൂണിഫൈഡ് പെയ്‌മെന്റ്‌സ് ഇന്റർഫേസ് (യു.പി.ഐ) വഴിയായിരിക്കും പണമിടപാടുകൾ നടത്തുക. ഇന്ത്യയിൽ വളരെയധികം സ്വീകാര്യത നേടിയ സംവിധാനമാണ് യു.പി.ഐ. എന്നാൽ ഇതുമായി ബന്ധപ്പെട്ട് ആപ്പിളോ എൻ.പി.സി.ഐയോ പ്രതികരിച്ചിട്ടില്ല.
ആപ്പിൾ പേ വരുന്നതോടെ ആപ്പിൾ ഉപയോക്താക്കൾക്ക് തേർയഡ് പാർട്ടി ആപ്പുകളുടെ സഹായമില്ലാതെ ക്യു ആർ കോഡ് സകാൻ ചെയ്ത് പണമിടപാട് നടത്താനാവും. ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ്, പ്രീപെയ്ഡ് കാർഡ് എന്നിവയെല്ലാം ആപ്പിൾ പേയുമായി ബന്ധിക്കാനാകും. ഫേസ് ഐഡി ഉപയോഗിച്ച് പണമിടപാട് നടത്താമെന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത.
പി.ഒ.എസ് യന്ത്രങ്ങൾക്കരികെ ഐ ഫോണോ ആപ്പിൾ വാച്ചോ ചേർത്തുവെച്ച് പണമിടപാട് നടത്താവുന്ന എൻ.എഫ്.സി സാങ്കേതികവിദ്യയും ആപ്പിൾ പേയിൽ സപ്പോർട്ട് ചെയ്യും. ജി പേ, പേടിഎം തുടങ്ങിയ ആപ്പുകളിൽ എൻ.എഫ്.സി സപ്പോർട്ട് ചെയ്യുമെങ്കിലും പല ആൻഡ്രോയിഡ് ഫോണുകളിലും എൻ.എഫ്.സി ലഭ്യമല്ലത്തത് കൊണ്ട് ആ സേവനം ഉപയോഗിക്കാൻ സാധിക്കില്ല.