പത്തനംതിട്ട: പെയ്ഡ് ആറന്മുള വള്ളസദ്യയില്‍ നിന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പിന്മാറി. ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്ര വിഷയത്തില്‍ തങ്ങള്‍ സംഘര്‍ഷത്തിന് ആഗ്രഹിക്കുന്നില്ലെന്ന് ബോര്‍ഡ് അധികൃതര്‍ അറിയിച്ചു.
ആറന്മുള പള്ളിയോട സേവാസംഘ ഭാരവാഹികള്‍ ഇന്ന് തിരുവനന്തപുരത്തെ ബോര്‍ഡ് ആസ്ഥാനത്ത് എത്തിയിരുന്നു. എന്നാല്‍ സംഘത്തിലെ മൂന്ന് പ്രധാനപ്പെട്ട ഭാരവാഹികളുമായി മാത്രം ചര്‍ച്ച നടത്താമെന്നായിരുന്നു ദേവസ്വം ബോര്‍ഡിന്റെ അറിയിപ്പ്. ഇത് അംഗീകരിക്കാന്‍ പള്ളിയോട സേവാസംഘം തയ്യാറായില്ല. ചര്‍ച്ചയ്ക്ക് തയ്യാറാകാതെ പള്ളിയോട സേവാ സംഘം ഭാരവാഹികള്‍ മടങ്ങിപ്പോയി. ക്ഷേത്രത്തിന് പുറത്ത് പള്ളിയോട സേവാ സംഘവുമായി സഹകരിച്ച് വള്ളസദ്യ നടത്താം എന്ന് ബോര്‍ഡ് അറിയിച്ചിരുന്നു. എന്നാല്‍ ഇതിനും പള്ളിയോട സേവാ സംഘം തയ്യാറായില്ല. പിന്നാലെയാണ് ഈ മാസം മൂന്നിന് ആറന്മുള ക്ഷേത്രത്തില്‍ നടത്താനിരുന്ന പെയ്ഡ് വള്ള സദ്യയില്‍ നിന്ന് ദേവസ്വം ബോര്‍ഡ് പിന്മാറിയത്.



