പത്തനംതിട്ട : ചരിത്രപ്രസിദ്ധ ആറന്മുള ഉത്തൃട്ടാതി ജലോത്സവം സെപ്റ്റംബര്‍ രണ്ടിന് ഉച്ചയ്ക്ക് ഒരു മണിക്ക് തിരുവാറന്മുള ക്ഷേത്രക്കടവില്‍ നടക്കും. എ, ബി ബാച്ചുകളിലായി 49 പള്ളിയോടങ്ങളാണ് മത്സര വള്ളംകളിയില്‍ പങ്കെടുക്കുന്നത്. എ ബാച്ചിന്റെ ഹീറ്റ്സ്, സെമിഫൈനല്‍, ഫൈനല്‍ മത്സരങ്ങളും ബി ബാച്ചിന്റെ ഹീറ്റ്സ്, ഫൈനല്‍ മത്സരങ്ങളുമാണ് നടക്കുന്നത്. ജലോല്‍സവത്തിന് മുന്നോടിയായുള്ള ജലഘോഷയാത്ര ഒരു മണിക്ക് ആരംഭിക്കും. 12:30 ന് മുന്‍പായി എല്ലാ പള്ളിയോടങ്ങളും ജലഘോഷയാത്രയ്ക്ക് തയാറായി സത്രം പവലിയന് താഴെ നിശ്ചയിച്ചിട്ടുള്ള സ്ഥലങ്ങളില്‍ എത്തിച്ചേരണം. സമയം കഴിഞ്ഞെത്തുന്ന പള്ളിയോടങ്ങളെ ജലഘോഷയാത്രയില്‍ നിന്നും മത്സരങ്ങളില്‍ നിന്നും ഒഴിവാക്കുന്നതാണ്.
ജലഘോഷയാത്രയില്‍ ഏറ്റവും മുന്നിലായി തിരുവോണത്തോണിയും അതിനു പിന്നിലായി എ ബാച്ച് പള്ളിയോടങ്ങളും തുടര്‍ന്ന് ബി ബാച്ച് പള്ളിയോടങ്ങളും പങ്കെടുക്കും. ജല ഘോഷയാത്രയില്‍ പങ്കെടുക്കുന്ന പള്ളിയോടങ്ങള്‍ സത്രക്കടവില്‍ നിന്നും പരപ്പുഴക്കടവില്‍ വരെ ശ്രീപത്മനാഭ….എന്ന വെച്ചു പാട്ടിന്റെ താളത്തിലാണ് തുഴയേണ്ടത്.
കര്‍ശനമായ നിബന്ധനകള്‍ പാലിച്ചാണ് ഇത്തവണത്തെ ജലോത്സവം സംഘടിപ്പിക്കുന്നത്. ക്ലബുകാരെയും പുറമെ നിന്നുള്ള തുഴച്ചില്‍ക്കാരെയും ഇത്തവണ പൂര്‍ണമായും ഒഴിവാക്കുമെന്ന് പള്ളിയോട സേവാസംഘം അറിയിച്ചു.
പള്ളിയോടത്തില്‍ കയറുന്ന തുഴച്ചില്‍കാരുടെ തിരിച്ചറിയല്‍ രേഖ, ഫോട്ടോ ഉള്‍പ്പെടെയുള്ള വിശദവിവരങ്ങള്‍ പള്ളിയോട സേവാസംഘം ഓഫീസില്‍ ആഗസ്റ്റ് 25ന് മുന്‍പ് നല്‍കണം. പള്ളിയോട സേവാ സംഘത്തിന്റെ നിയമാവലിയും റേസ് കമ്മിറ്റിയുടെ തീരുമാനങ്ങളും അനുസരിച്ച് ജലോത്സവത്തില്‍ പങ്കെടുക്കുമെന്നുള്ള സമ്മതപത്രവും എഴുതി നല്‍കണം.
പള്ളിയോട സേവാ സംഘത്തിന്റെ തീരുമാനങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന പള്ളിയോടങ്ങളെ അയോഗ്യരായി പ്രഖ്യാപിക്കും. മത്സരവള്ളംകളി പൂര്‍ണമായും റെക്കാര്‍ഡ് ചെയ്യും. 2017 ന് ശേഷം ആദ്യമായിട്ടാണ് ആറന്മുളയില്‍ പരമ്പരാഗത ശൈലിയിലുള്ള മത്സരവള്ളംകളി നടക്കുന്നതെന്ന് പള്ളിയോട സേവാ സംഘം സെക്രട്ടറി പാര്‍ത്ഥസാരഥി ആര്‍ പിള്ള , റേസ് കമ്മിറ്റി കണ്‍വീനര്‍ പി.ആര്‍ ഷാജി എന്നിവര്‍ അറിയിച്ചു.