കൊച്ചി: ലോക ജേതാക്കളായ അർജന്റീനൻ ഫുട്‌ബോൾ ടീം കേരളത്തിലെത്തുമെന്ന് കഴിഞ്ഞ ദിവസമാണ് സംസ്ഥാന കായിക മന്ത്രി വി അബ്ദുറഹ്‌മാൻ വ്യക്തമാക്കിയത്. കേരളത്തിന്റെ ക്ഷണം അർജന്റൈൻ ഫുട്‌ബോൾ ഫെഡറേഷൻ സ്വീകരിച്ചെന്നും ഇതിഹാസ താരം ലയണൽ മെസ്സി അടക്കം ലോകകപ്പ് നേടിയ എല്ലാ ടീം അംഗങ്ങളും കേരളത്തിൽ കളിക്കാൻ സന്നദ്ധത പ്രകടിപ്പിച്ചെന്നും അദ്ദേഹം അറിയിച്ചിരുന്നു. അടുത്ത വര്‍ഷം ഒക്ടോബറില്‍ രണ്ടു പ്രദർശന മത്സരങ്ങളാണ് ലോക ജേതാക്കൾ കളിക്കുക. ഇതിലൊന്ന് മലപ്പുറത്താണ്. രണ്ടാം വേദി നിശ്ചയിച്ചിട്ടില്ല.
ഇന്ത്യയിൽ സൗഹൃദ മത്സരം കളിക്കാൻ നേരത്തെ അർജന്റീന സന്നദ്ധത അറിയിച്ചിരുന്നെങ്കിലും പണമില്ലാത്തതിന്റെ പേരിൽ അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷൻ അതു നിരാകരിച്ചിരുന്നു. ദക്ഷിണേഷ്യയിൽ രണ്ട് സൗഹൃദ മത്സരം (ഒന്ന് ബംഗ്ലാദേശിൽ) കളിക്കാനായിരുന്നു ആലോചന. എന്നാൽ അർജന്റീന ആവശ്യപ്പെട്ട വലിയ തുക കണ്ടെത്താൻ പ്രയാസമാണെന്നാണ് അന്നത്തെ ഫെഡറേഷൻ സെക്രട്ടറി ഷാജി പ്രഭാകരൻ മാധ്യമങ്ങളോട് പറഞ്ഞിരുന്നത്. അർജന്റീനൻ ഫുട്‌ബോൾ ഫെഡറേഷന്റെ ഇന്റർനാഷണൽ റിലേഷൻ മേധാവി പാബ്ലോ ജോക്വിനാണ് ഇന്ത്യൻ ഫെഡറേഷനുമായി ബന്ധപ്പെട്ടിരുന്നത്.
ഇതിന് പിന്നാലെയാണ് കേരളം അർജന്റീനയ്ക്ക് ആതിഥ്യമൊരുക്കാൻ രംഗത്തെത്തിയത്. ലോകത്ത് ഏറ്റവും കൂടുതൽ മൂല്യമുള്ള ദേശീയ ടീമുകളിലൊന്നായ അർജന്റീനയെ കേരളത്തിലെത്തിക്കാൻ 4-5 ദശലക്ഷം ഡോളർ (ഏകദേശം 32-40 കോടി ഇന്ത്യൻ രൂപ) ചെലവഴിക്കണം എന്നാണ് അന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തിരുന്നത്.