ചെന്നൈ: മയക്കുവെടിവച്ച് പിടികൂടിയ അരിക്കൊമ്പനെ തമിഴ്നാട് വനം വകുപ്പ് കളക്കാട് മുണ്ടൻതുറൈ കടുവാ സങ്കേതത്തിൽ എത്തിച്ചു. ഇവിടെ കടുവാസങ്കേതത്തിന്റെ മുന്നിൽ നാട്ടുകാർ പ്രതിഷേധിച്ചു. 15 കിലോമീറ്റർ ഉള്ളിൽ മാത്രമേ ആനയെ തുറന്നുവിടാൻ കഴിയുവെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. അരിക്കൊമ്പൻ ജനവാസമേഖലയിലേക്ക് ഇറങ്ങുമെന്ന് ആശങ്ക പ്രകടിപ്പിച്ച് പ്രതിഷേധിച്ചവരെ പൊലീസ് അറസ്റ്റുചെയ്ത് നീക്കി.
ആനയെകൊണ്ടുവരുന്നത് അറിയിച്ചില്ലെന്നു പറഞ്ഞ പ്രതിഷേധക്കാർ ആനയ്ക്ക് പെട്ടെന്നുതന്നെ ഇവിടെയുള്ള സ്വകാര്യ തോട്ടങ്ങളിലേക്കും തൊഴിലാളികൾ താമസിക്കുന്ന ലയങ്ങളിലേക്കും എത്താനാകുമെന്നും ഇവർ കുറ്റപ്പെടുത്തി.
അരിക്കൊമ്പനെ തിരുനെൽവേലി ജില്ലയിലെ അംബാസമുദ്രത്തിലെ കളക്കാട് കടുവാ സങ്കേതത്തിൽ മെഡിക്കൽ സംഘത്തിന്റെ പരിശോധനയ്ക്കു ശേഷമാണ് തുറന്നുവിട്ടത്. അരിക്കൊമ്പൻ ആനയെ പൊതുജനങ്ങൾക്കു ശല്യമുണ്ടാകാത്ത വിധം സംരക്ഷിത വനമേഖലയിലേക്കു മാറ്റുമെന്നു തമിഴ്നാട് സർക്കാർ മദ്രാസ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. തേനിയിൽനിന്ന് 200 കിലോമീറ്റർ അകലെയാണ് മുണ്ടൻതുറൈ.