ന്യൂഡൽഹി: സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ നൈജറിൽ നിന്ന് ഇന്ത്യൻ പൗരന്മാർ എത്രയും പെട്ടെന്ന് ഒഴിയണമെന്ന മുന്നറിയിപ്പുമായി വിദേശകാര്യമന്ത്രാലയം. ‘നൈജറിലെ സ്ഥിതിഗതികൾ ഇന്ത്യൻ സർക്കാർ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.
നിലവിലെ സാഹചര്യത്തിൽ നൈജറിലുള്ള ഇന്ത്യൻ പൗരന്മാർ എത്രയും പെട്ടെന്ന് തന്നെ രാജ്യം വിടണം. വ്യോമഗതാഗതം നിലവിൽ നിലച്ചു. അതിർത്തി കടന്ന് യാത്ര ചെയ്യുന്നവർ ആവശ്യമായ മുൻകരുതലുകളെടുക്കണം’, വിദേശകാര്യമന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. നൈജറിന്റെ തലസ്ഥാനമായ നിയാമിയിലെ ഇന്ത്യൻ എംബസിയിൽ രജിസ്റ്റർ ചെയ്യാൻ ഇന്ത്യൻ പൗരന്മാരോട് വിദേശകാര്യമന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.
നൈജറിൽ പട്ടാള അട്ടിമറിയിലൂടെ പ്രസിഡന്റിനെ പുറത്താക്കിയിരുന്നു. പ്രസിഡന്റായിരുന്ന മുഹമ്മദ് ബസൗം നിലവിൽ വീട്ടുതടങ്കലിലാണ്. 2011 മുതല്‍ പ്രസിഡന്റിന്റെ സേനയുടെ മേധാവിയായി പ്രവര്‍ത്തിക്കുന്ന ജനറല്‍ അബ്ദുറഹ്‌മാനെ ഷിയാമിയുടെ നേതൃത്വത്തിലായിരുന്നു അട്ടിമറി. ഇതേത്തുടർന്ന് വ്യാപകമായ പ്രതിഷേധങ്ങൾക്കും അക്രമങ്ങൾക്കും വേദിയാവുകയാണ് നൈജർ.