കോഴിക്കോട്: കേരളത്തിന്റെ മൊത്തം ഹൃദയനൊമ്പരമായി മാറിയ അർജുന് ഒടുവിൽ നാട് കണ്ണീരോടെ വിടചൊല്ലി. ഉറ്റവരുടെയും ഉടയവരുടെയും നാടിന്റെ നാനാദിക്കുകളിൽനിന്ന് ഒഴുകിയെത്തിയ പതിനായിരങ്ങളുടെയും മുന്നിൽ 30കാരന്‍റെ ഭൗതികദേഹത്തെ തീനാളങ്ങേറ്റുവാങ്ങി. സ്വന്തമായി പണിതുണ്ടാക്കിയ വീടിന്റെ തൊട്ടുചാരത്തായി ഇനി അർജുന് നിത്യനിദ്ര.
രാവിലെ ഒൻപതു മണിയോടെ കോഴിക്കോട് കണ്ണാടിക്കല്‍ വീട്ടുമുറ്റത്തെത്തിയ മൃതദേഹം 11 മണിവരെ പൊതുദർശനത്തിനു വച്ചു. തുടർന്നാണ് അന്ത്യകർമങ്ങൾക്കായി എടുത്തത്. ഐവർമഠത്തിൽനിന്നുള്ള പരികര്‍മികളാണ് സംസ്‌കാര ചടങ്ങുകൾക്കു നേതൃത്വം നൽകി. സഹോദരന്‍ അഭിജിത്തും സഹോദരീ ഭര്‍ത്താവ് ജിതിനും ചേര്‍ന്ന് ചിതയില്‍ തീകൊളുത്തി. അവസാന നിമിഷത്തെ കാഴ്ചകള്‍ കണ്ട് മൂന്നു വയസുള്ള മകൻ അയാൻ ആർത്തുകരയുന്ന രംഗം കണ്ടുനിന്നവരുടെയെല്ലാം കണ്ണുനനയിക്കുന്നതായിരുന്നു.
ഇന്നലെ ഉച്ചയോടെ ഡിഎൻഎ പരിശോധനാ ഫലം പുറത്തുവന്നതിനു പിന്നാലെ സഹോദരനും സഹോദരീ ഭർത്താവും ചേർന്ന് കാർവാർ മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് അർജുന്റെ മൃതദേഹം ഏറ്റുവാങ്ങുകയായിരുന്നു. തുടർന്നു വൈകീട്ടോടെയാണ് കാർവാറിൽനിന്ന് മൃതദേഹവുമായി ആംബുലൻസ് നാട്ടിലേക്കു പുറപ്പെട്ടത്. ഷിരൂരിലെ തിരച്ചിലിനു നേതൃത്വം നൽകിയ കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിൽ, മഞ്ചേശ്വരം എംഎൽഎ എകെഎം അഷ്റഫ് തുടങ്ങിയവർ യാത്രയിലുടനീളം അനുഗമിച്ചു. ഉഡുപ്പിയിൽനിന്ന് ഈശ്വർ മാൽപെയും ചേർന്നു. പുലർച്ചെ രണ്ടു മണിയോടെ കാസർകോട് ബസ് സ്റ്റാൻഡിൽ ജനക്കൂട്ടം ആദരമർപ്പിച്ചു.