തൃശൂർ: അന്തരിച്ച പ്രശസ്ത ചിത്രകാരൻ ആർട്ടിസ്റ്റ് നമ്പൂതിരിയുടെ സംസ്കാരം എടപ്പാളിൽ നടന്നു. ഔദ്യോഗിക ബഹുമതികളോടെയായിരുന്നു ചടങ്ങ്. എടപ്പാളിലെ വീട്ടിലും തൃശൂർ ലളിതകലാ അക്കാദമിയിലും നടന്ന പൊതുദർശനത്തിൽ സാംസ്കാരികരംഗത്തെ പ്രമുഖർ അന്ത്യാഞ്ജലി അർപ്പിച്ചു.
പുലർച്ചെ 12യോടെ മലപ്പുറം കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു വരയുടെ കുലപതി ആർട്ടിസ്റ്റ് നമ്പൂതിരിയുടെ അന്ത്യം. മൃതദേഹം ഉച്ചവരെ എടപ്പാളിലെ വീട്ടിലും പിന്നീട് തൃശൂർ ലളിതകലാ അക്കാദമിയിലും പൊതു ദർശനത്തിന് വെച്ച ശേഷമായിരുന്നു സംസ്കാരച്ചടങ്ങുകൾ. ലളിതകലാ അക്കാദമി ചെയർമാനായും സർക്കാരിന്റെ പരമോന്നത ബഹുമതികൾ നേടിയും സാംസ്കാരികകേരളത്തിന്റെ മുഖമായി മാറിയ നമ്പൂതിരിക്ക് പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെയാണ് വിട നൽകിയത്.
മൂത്ത മകൻ പരമേശ്വരൻ ചിതയ്ക്ക് തീ കൊളുത്തി. ചിത്രകലയെ ജനകീയവൽക്കരിച്ചവരിൽ പ്രധാനിയായ നമ്പൂതിരിക്ക് അന്തിമോപചാരമർപ്പിക്കാൻ പ്രമുഖരെത്തി. പാണക്കാട് മുനവ്വറലി തങ്ങൾ നടൻ വികെ ശ്രീരാമൻ കവികളായ റഫീഖ് അഹമ്മദ്, ആലങ്കോട് ലിലാകൃഷ്ണൻ തുടങ്ങിയവർ വീട്ടിലെത്തി അന്തിമോപചാരം അർപ്പിച്ചു, മന്ത്രി കെ രാജൻ, സാഹിത്യ അക്കാദമി അധ്യക്ഷൻ സച്ചിദാനന്ദൻ, ടിഎൻ പ്രതാപൻ എംപി എന്നിവർ തൃശൂരിൽ അന്ത്യാഭിവാദ്യമർപ്പിച്ചു.