ന്യൂഡല്‍ഹി: അറസ്റ്റില്‍നിന്ന് സംരക്ഷണം വേണമെന്ന ആവശ്യം ഡല്‍ഹി ഹൈക്കോടതി നിരസിച്ചതിനു പിന്നാലെ സെർച്ച് വാറന്റുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് സംഘം. ഡല്‍ഹി മദ്യനയക്കേസില്‍ ചോദ്യം ചെയ്യുന്നതിനു വേണ്ടിയാണ് ഇ.ഡി. സംഘം എത്തിയിരിക്കുന്നത്. വീടിനു പുറത്തു വന്‍ പൊലീസ് സന്നാഹമാണ് വിന്യസിച്ചിരിക്കുന്നത്. 12 ഇ.ഡി. ഉദ്യോഗസ്ഥരാണ് കേജ്‌രിവാളിന്റെ വീട്ടിലുള്ളതെന്നാണ് റിപ്പോര്‍ട്ട്. മദ്യനയഅഴിമതിക്കേസുമായി ബന്ധപ്പെട്ട് ഇ.ഡി. എട്ടു തവണ സമന്‍സ് അയച്ചിട്ടും കേജ്‌രിവാള്‍ ഹാജരായിരുന്നില്ല. ഇതോടെ അറസ്റ്റ് തടയാതിരുന്ന ഹൈക്കോടതി നടപടിക്കെതിരെ കേജ്‌രിവാള്‍ സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. അടിയന്തരമായി വാദം കേള്‍ക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
ഡല്‍ഹി സർക്കാരിന്റെ വിവിധ ഏജൻസികളുടെ കീഴിലായിരുന്ന മദ്യവിൽപനയും ഇടപാടുകളും സ്വകാര്യമേഖലയ്ക്കു കൈമാറാനുള്ള നയം 2021 നവംബർ 17നാണു പ്രാബല്യത്തിൽ വന്നത്. ലഫ്. ഗവർണറായി വി.കെ.സക്സേന ചുമതലയേറ്റതിനു പിന്നാലെയാണു ലൈസൻസ് അനുവദിച്ചതിൽ ക്രമക്കേടുണ്ടെന്ന ആരോപണം അന്വേഷിക്കാൻ നിർദേശിച്ചത്. ക്രമക്കേടുണ്ടെന്നു കാട്ടി സിബിഐ പ്രാഥമിക റിപ്പോർട്ട് നൽകിയതോടെ കേസ് റജിസ്റ്റർ ചെയ്തു.