ദുബായ് : കമ്പനി വിഭജനം പൂർത്തിയായതിനു പിന്നാലെ ഇന്ത്യൻ ആരോഗ്യമേഖലയിൽ 1000 കോടി രൂപയുടെ മുതൽമുടക്കിന് ഒരുങ്ങി ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ. അടുത്ത 3 വർഷത്തിനകം ആസ്റ്റർ ഗ്രൂപ്പിനു കീഴിലെ ആശുപത്രികളിൽ പുതിയതായി 1700 കിടക്കകൾ കൂടി കൂട്ടിച്ചേർക്കും. ഇന്ത്യയിലെ ആരോഗ്യ സേവനദാതാക്കളിൽ ആദ്യ മൂന്നു സ്ഥാനങ്ങളിൽ എത്തുക എന്നതാണ് വികസന പദ്ധതികളുടെ ലക്ഷ്യം. ആസ്റ്റർ ഗ്രൂപ്പിന്റെ ഓഹരി ഉടമകൾക്ക് ഇന്ത്യൻ കമ്പനിയിലായിരിക്കും നിക്ഷേപം.
കമ്പനി വിഭജന നടപടികളുടെ അവസാന ഘട്ടത്തിലേക്ക് കടന്ന ആഴ്ചകളിൽ തന്നെ ആസ്റ്ററിന്റെ ഓഹരികൾ കരുത്ത് നേടി. ഇന്ത്യൻ കമ്പനിയുടെ നിയന്ത്രണം ഡോ. ആസാദ് മൂപ്പനും കുടുംബത്തിനും തന്നെയാണ്. കമ്പനിയുടെ 41.88% ഓഹരികൾ ഡോ. മൂപ്പൻ കുടുംബം കൈവശം വയ്ക്കും. ഡോ. ആസാദ് മൂപ്പൻ സ്ഥാപക ചെയർമാൻ സ്ഥാനവും മകൾ അലീഷ മൂപ്പൻ മാനേജിങ് ഡയറക്ടർ സ്ഥാനവും വഹിക്കും. ഡോ. നിതീഷ് ഷെട്ടിയായിരിക്കും ഇന്ത്യൻ കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ. തിരുവനന്തപുരത്ത് ആസ്റ്റർ ക്യാപിറ്റലും കാസർകോട്ട് ആസ്റ്റർ മിംസും ആണ് ഉടൻ പൂർത്തിയാകുന്ന പദ്ധതികൾ. മഹാരാഷ്ട്രയിലും ഉത്തർപ്രദേശിലും പുതിയ ആശുപത്രികൾ സ്ഥാപിക്കാനും പദ്ധതിയുണ്ട്.