മെൽബൺ : രാജ്യത്ത് രണ്ട് വർഷത്തിനുള്ളിൽ കുടിയേറ്റത്തിന്‍റെ തോത് പകുതിയായി കുറയ്ക്കുമെന്ന് ഓസ്‌ട്രേലിയൻ സർക്കാർ അറിയിച്ചു. 2025 ജൂണോടെ വാർഷിക കുടിയേറ്റം 250,000 ആയി കുറയ്ക്കാനാണ് സർക്കാർ നീക്കം. ഇതിനായി രാജ്യാന്തര വിദ്യാർഥികൾക്കും കുറഞ്ഞ വൈദഗ്ധ്യമുള്ള തൊഴിലാളികൾക്കുമുള്ള വീസ നിയമങ്ങളും കർശനമാക്കുന്നതിനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
സമീപകാലത്ത് ഓസ്‌ട്രേലിയയിൽ കുടിയേറ്റം റെക്കോർഡ് തലത്തിലേക്ക് ഉയർന്നിരുന്നു. ഇതോടെ അടിസ്ഥാന സൗകര്യ പ്രശ്‌നങ്ങളും താമസ സൗകര്യത്തിനുള്ള ലഭ്യതയുമെല്ലാം സർക്കാരിന് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. അതേസമയം, രാജ്യത്ത് വൈദഗ്ധ്യമുള്ള തൊഴിലാളികകളുടെ അഭാവം നിലനിൽക്കുന്നു. അവരെ ആകർഷിക്കാൻ വേണ്ടവിധം സാധിക്കുന്നില്ലെന്നതും രാജ്യം നേരിടുന്ന പ്രതിസന്ധിയാണ്. 10 വർഷത്തേക്കുള്ള പുതിയ ഇമിഗ്രേഷൻ നയമാണ് സർക്കാർ രൂപീകരിക്കുന്നതെന്ന് ആഭ്യന്തര മന്ത്രി ക്ലെയർ ഒ നീൽ ഇന്ന് വ്യക്തമാക്കിയിരുന്നു.
ഈ വർഷം ആദ്യം നടത്തിയ അവലോകനത്തിൽ, കുടിയേറ്റ നയം വളരെ മോശമാണെന്ന് വിലയിരുത്തിലാണ് ഉണ്ടായിരുന്നത്. സങ്കീർണ്ണവും മന്ദഗതിയിലുള്ളതും കാര്യക്ഷമമല്ലാത്തതും നയത്തിൽ കാര്യമായ പരിഷ്കരണം ആവശ്യമാണെന്ന് കണ്ടെത്തിയിരുന്നു. 2023 ജൂൺ വരെ ഒരു വർഷത്തിൽ 510,000 ആളുകൾ ഓസ്‌ട്രേലിയയിൽ എത്തി. ഇവരുടെ എണ്ണം കുറച്ച് രാജ്യത്തിന് ആവശ്യമായ ആളുകളെ മാത്രം സ്വീകരിക്കുന്നതിനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതിനായി വാർഷിക കുടിയേറ്റം 50% കുറയ്ക്കുമെന്നും മന്ത്രി പറഞ്ഞു.