അയോധ്യ : രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങ് ജനുവരി 22ന് ഉച്ചയ്ക്ക് 12.20ന് ആരംഭിക്കുമെന്ന് ക്ഷേത്രം ട്രസ്റ്റ് അറിയിച്ചു. വാരാണസിയിലെ വേദപണ്ഡിതൻ ലക്ഷ്മികാന്ത് ദീക്ഷിത് പ്രതിഷ്ഠാ ചടങ്ങിനു നേതൃത്വം നൽകും. പ്രതിഷ്ഠാസമയത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷേത്രത്തിന്റെ ശ്രീകോവിലിലുണ്ടാകും. ആർഎസ്എസ് നേതാവ് മോഹൻ ഭാഗവത്, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, മുഖ്യപുരോഹിതൻ മഹന്ത് നൃത്യഗോപാൽദാസ്, ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേൽ എന്നിവരും ഉണ്ടാകും.
ജനുവരി 22ന് ഉച്ചയ്ക്ക് 12.20ന് ആരംഭിക്കുന്ന പ്രാണപ്രതിഷ്ഠാ ചടങ്ങ് രണ്ടുമണിക്കൂർ നീണ്ടു നിൽക്കും. രണ്ടുമണിയോടെ പ്രതിഷ്ഠാചടങ്ങുകൾ സമാപിക്കുമെന്നും ക്ഷേത്രം ട്രസ്റ്റ് അറിയിച്ചു. ‘ജനുവരി 16 മുതൽ 21 വരെ മതപരമായ ചടങ്ങുകൾ നടക്കും. ജനുവരി 22ന് പ്രാണപ്രതിഷ്ഠാ ചടങ്ങ്. 200 കിലോഗ്രാമോളം തൂക്കമുള്ളതാണ് പ്രാണപ്രതിഷ്ഠയ്ക്കുള്ള വിഗ്രഹം. ക്ഷേത്രത്തിലെ ഗർഭഗ്രഹത്തിൽ ജനുവരി 18ന് വിഗ്രഹം എത്തിക്കും. ’– ശ്രീറാം ജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചംപത് റായ് അറിയിച്ചു. ജനുവരി 23 മുതൽ ക്ഷേത്രത്തിൽ പൊതുജനങ്ങൾക്ക് ദർശനം അനുവദിക്കും.