മനാമ: ബഹ്റൈനിൽ പ്രവാസികളായ തൊഴിലാളികൾക്ക് ദേശീയ ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കാനുള്ള ഒരുക്കങ്ങൾ ഊർജിതമായി. പദ്ധതിയുടെ ആദ്യഘട്ടം സെപ്തംബറിൽ ആരംഭിക്കുകയും 2024 ഓടെ പൂർണമായും നടപ്പിൽ വരുകയും ചെയ്യും.
രാജ്യത്ത് വിവിധ ഘട്ടങ്ങളിലായി നടപ്പിലാക്കുന്ന ദേശീയ ആരോഗ്യ ഇൻഷൂറൻസ് പദ്ധതിയായ സെഹാതിയിൽ തുടക്കത്തിൽ പ്രവാസികളെയാണ് ഉൾപ്പെടുത്തുക. സ്വദേശികളെ അടുത്ത വർഷം ആരംഭത്തിൽ പദ്ധതിയുടെ ഭാഗമാക്കും. പാർലമെന്‍റ് അംഗം ഹമദ് അൽ കൂഹേജിക്ക് രേഖാമൂലം നൽകിയ മറുപടിയിൽ ആരോഗ്യ മന്ത്രി ഫാഇഖ ബിൻത് സഈദ് അൽ സാലേയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ വർഷം രാജ്യത്ത് പദ്ധതിക്ക് പരീക്ഷണ അടിസ്ഥാനത്തിൽ തുടക്കം കുറിച്ചിരുന്നു. വിശദമായ വിലയിരുത്തലുകൾക്കു ശേഷമാണ് ഈ വർഷം രണ്ടാം പാദത്തിൽ ഇൻഷുറൻസ് പദ്ധതി ഔദ്യോഗികമായി ആരംഭിക്കാൻ തീരുമാനിച്ചത്.
പ്രവാസികളായ പുരുഷന്മാർക്ക് ജനിച്ച ബഹ്റൈൻ പൗരത്വമുള്ള കുട്ടികൾ, പ്രവാസികളെ വിവാഹം കഴിഞ്ഞ സ്വദേശികൾ, മന്ത്രിസഭ തീരുമാനപ്രകാരമുള്ള മാനദണ്ഡത്തിൽ വരുന്ന മറ്റ് പ്രവാസികൾ എന്നിവരെയും പൗരന്മാരായി പരിഗണിക്കുമെന്ന് മന്ത്രി പറഞ്ഞു. പ്രവാസികൾക്കുള്ള കവറേജിൽ പ്രൈമറി, സെക്കൻഡറി ആരോഗ്യ പരിചരണം, അപകടം അല്ലെങ്കിൽ മറ്റ് എമർജൻസി ചികിത്സകൾ എന്നിവ ഉൾപ്പെടുന്നു. സ്വദേശികൾക്കും പ്രവാസികൾക്കും ഇച്ഛാനുസരണം തിരഞ്ഞെടുക്കാവുന്ന ഘടകങ്ങളും ഇൻഷുറൻസ് പദ്ധതിയിൽ ഉൾപ്പെടും.