മനാമ: ബഹ്‌റൈൻ പ്രവാസികൾക്ക് കനത്ത പ്രഹരമായിരിക്കുകയാണ് നാട്ടിലേക്ക് പണം അയക്കുന്നതിനും നികുതി ഏർപ്പെടുത്താനുള്ള ബില്ലിന് അംഗീകാരം നൽകാനുള്ള തീരുമാനം. കഴിഞ്ഞ ദിവസം ചേർന്ന പാർലമെന്‍റ് യോഗത്തിലാണ് ഇത് സംബന്ധിച്ച് ബില്ലിന് അംഗീകാരം നൽകിയത്. ഓരോ തവണയും നാട്ടിലേക്ക് പണം അയക്കുന്നതിന്റെ ആകെ തുകയുടെ രണ്ടു ശതമാനം നികുതി ചുമത്താനാണ് തീരുമാനം എടുത്തത്. വിഷയം അന്തിമ തീരുമാനത്തിനായി ഉപരിസഭയായ ശൂറ കൗൺസിലിന്റെ പരിഗണനയ്ക്ക് വിട്ടിരിക്കുകയാണ്.
ശൂറാ കൗൺസിലിൽ നികുതി ചുമത്താനുള്ള ബില്ലിന് ഭൂരിപക്ഷത്തിന്റെ ആനുകൂല്യം ലഭിച്ചാൽ നിയമം പ്രാബല്യത്തിൽ വരും.പാർലമെന്റ് അവതരിപ്പിച്ച നിയമനിർമ്മാണം ആറുമാസത്തിനകം തയ്യാറാക്കാൻ സർക്കാർ നിയമപ്രകാരം ബാധ്യസ്ഥരാണ്. 200 ബഹ്റൈനി ദിനാറില്‍ (ഏകദേശം 43,000 ഇന്ത്യന്‍ രൂപയോളം) താഴെയുള്ള തുക പ്രവാസികള്‍ നാടുകളിലേക്ക് അയക്കുമ്പോള്‍ അതിന്റെ ഒരു ശതമാനവും 201 ദിനാര്‍ മുതല്‍ 400 ദിനാര്‍ (87,000 ഇന്ത്യന്‍ രൂപയോളം)വരെ അയക്കുമ്പോള്‍ രണ്ടു ശതമാനവും 400 ദിനാറിന് മുകളില്‍ അയക്കുമ്പോള്‍ തുകയുടെ മൂന്ന് ശതമാനവും നികുതിയായി ഈടാക്കണമെന്നാണ് എംപിമാരുടെ ശുപാർശ.
ബഹ്‌റൈൻ സർക്കാർ ഈ നിയമത്തിന് അനുകൂല നിലപാട് അല്ല എടുത്തതെങ്കിലും പാർലമെന്റ് അംഗീകാരം നൽകുകയായിരുന്നു.പണമയക്കുന്നതിന് നികുതി ചുമത്തുന്നത് അന്യായവും ഭരണഘടനാ വിരുദ്ധവുമാണെന്നാണ് സർക്കാറിന്റെ അഭിപ്രായം. പണം കൈമാറ്റം ചെയ്യാനുള്ള സ്വാതന്ത്ര്യത്തിന്റെ അടിസ്ഥാന തത്വങ്ങൾക്ക് വിരുദ്ധമാണ് നികുതി ഏർപ്പെടുത്തുക എന്നതെന്നുമാണ് സർക്കാർനിലപാട് .