മനാമ: മൾട്ടിനാഷണൽ കമ്പനികൾക്ക് (എംഎൻഇ) ഡൊമസ്റ്റിക് മിനിമം ടോപ്-അപ് ടാക്സ് (ഡിഎംടിടി) ചുമത്താനുള്ള തീരുമാനം പ്രഖ്യാപിച്ച് ബഹ്റൈൻ. ഓർഗനൈസേഷൻ ഫോർ ഇക്കണോമിക് കോപറേഷൻ ആൻഡ് ഡെവലപ്മെന്റ് (ഒ.ഇ.സി.ഡി) മാർഗനിർദേശങ്ങൾക്കനുസരിച്ചാണ് പുതിയ നികുതി സംവിധാനം നടപ്പിലാക്കുന്നത്. അടുത്തവർഷം ജനുവരി ഒന്നുമുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ നികുതിഘടനയനുസരിച്ച് മൾട്ടി നാഷണൽ കമ്പനികൾ കുറഞ്ഞത് ലാഭത്തിന്റെ 15 ശതമാനം നികുതിയായി നൽകണം. ആഗോള സാമ്പത്തിക നീതിയും സുതാര്യതയും പ്രോത്സാഹിപ്പിക്കുന്നതിനുള്ള രാജ്യത്തിന്റെ പ്രതിബദ്ധതയുടെ ഭാഗമാണ് പുതിയ തീരുമാനം.
2018 മുതൽ രാജ്യം ഒഇസിഡി, ഇൻക്ലൂസിവ് ഫ്രെയിംവർക്കിൽ ചേരുകയും ദ്വിമുഖ നികുതി പരിഷ്കരണത്തിന് അംഗീകാരം നൽകുകയും ചെയ്തിരുന്നു. ഈ ഉത്തരവ് 2025 ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വരുമെന്നും അർഹരായവർ ബന്ധപ്പെട്ട നിയമനിർമ്മാണത്തിൽ വ്യക്തമാക്കിയ സമയപരിധിക്ക് മുമ്പ് ഏജൻസിയിൽ രജിസ്റ്റർ ചെയ്യണമെന്നും അധികൃതർ വ്യക്തമാക്കി.