ധാക്ക: ശൈഖ് മുജീബുർ റഹ്മാനെ രാഷ്ട്രപിതാവ് പദവിയിൽ നിന്നും മാറ്റി ബംഗ്ലാദേശിലെ ഇടക്കാല സർക്കാർ. പുതിയ അധ്യയനവർഷത്തിലെ പാഠപുസ്തകങ്ങളിലാണ് ചരിത്രം മാറ്റിയെഴുതികൊണ്ടുള്ള രാഷ്ട്രീയ ഇടപെടൽ. അവാമി ലീഗിനെ അപ്രസക്തമാക്കുന്ന പുതിയ സർക്കാരിന്റെ നടപടികളുടെ തുടർച്ചയാണ് പാഠപുസ്തകങ്ങളിലെ മാറ്റത്തിൽ പ്രതിഫലിക്കുന്നത്.
പ്രൈമറി, സെക്കൻഡറി ക്ലാസുകളിലെ പാഠപുസ്തകങ്ങളിൽ നിന്നാണ് ബംഗബന്ധു എന്നറിയപ്പെടുന്ന മുജീബുർ റഹ്മാനെ പരിപൂർണമായി ഒഴിവാക്കിയിരിക്കുന്നത്. രാഷ്ട്രപിതാവെന്ന മുജീബുർ റഹ്മാന്റെ വിശേഷണവും ഒഴിവാക്കിയിട്ടുണ്ട്. രാജ്യത്തിന്റെ സ്വാതന്ത്ര്യം പ്രഖ്യാപിച്ചത് മേജർ സിയാ ഉർ റഹ്മാനാണെന്നാണ് പുസ്തകങ്ങളിലുള്ളത്. 1971 മാർച്ച് 26ന് സിയാ ഉർ റഹ്മാൻ ആദ്യം സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. അടുത്ത ദിവസം മുജീബുർ റഹ്മാനു വേണ്ടി പ്രഖ്യാപനം ആവർത്തിച്ചു എന്നും പുതിയ പാഠപുസ്തകങ്ങൾ പറയുന്നു.