കൊല്‍ക്കത്ത: ബലാത്സംഗക്കേസിലെ പ്രതികൾക്ക് വധശിക്ഷ ഉറപ്പാക്കുന്ന ബിൽ ബംഗാൾ നിയമസഭയിൽ ഇന്ന് അവതരിപ്പിക്കും. സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ നിയമനടപടി വേഗത്തിലാക്കാനും ബില്ലിൽ വ്യവസ്ഥയുണ്ട്. അതേസമയം, സാമ്പത്തിക ക്രമക്കേടിൽ ആർജി കാർ ആശുപത്രി മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷിനെ സിബിഐ അറസ്റ്റ് ചെയ്തു.
കൊൽക്കത്ത ആർജി കാർ മെഡിക്കൽ കോളജിലെ വനിതാ ഡോക്ടറുടെ ബലാത്സംഗക്കൊലയ്ക്കു പിന്നാലെയാണ് സർക്കാർ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചത്. ‘അപരാജിത വുമൺ ആൻഡ് ചൈൽഡ് ബിൽ 2024’ എന്നാണ് ഇന്നു സഭയില്‍ അവതരിപ്പിക്കുന്ന ബില്ലിന് പേരിട്ടിരിക്കുന്നത്. മുഖ്യമന്ത്രി മമത ബാനർജിയാകും ബിൽ ഇന്ന് സഭയിൽ അവതരിപ്പിക്കുക.
ബലാത്സംഗക്കേസ് പ്രതികൾക്ക് ജീവപര്യന്തം തടവുശിക്ഷയും, ഇര കൊല്ലപ്പെട്ടാൽ വധശിക്ഷയും ഉറപ്പാക്കുന്നതാണ് നിയമ ഭേദഗതി. ബില്ലിനെതിരെ ശക്തമായ പ്രതിഷേധം ഉയർത്താനാണ് ബിജെപിയുടെ നീക്കം. നിയമസഭ പാസാക്കുന്ന ബിൽ ഗവർണർ അംഗീകരിച്ചില്ലെങ്കിൽ രാജ്ഭവനു മുന്നിൽ പ്രതിഷേധ ധർണ നടത്തുമെന്ന് മമത മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അതേസമയം, ഇന്നലെ ബിജെപി അംഗങ്ങൾ പ്രതിഷേധസൂചകമായി കറുത്ത ഷോൾ ധരിച്ചാണ് നിയമസഭയിൽ എത്തിയത്. വനിതാ ഡോക്ടറുടെ കൊലപാതകത്തിൽ കൊൽക്കത്തയിൽ പ്രതിഷേധം തുടരുകയാണ്.