ടെൽ അവീവ് : ഹമാസിനെതിരായ യുദ്ധം 80 ദിവസം പിന്നിടുമ്പോൾ, ഗാസയിൽ പോരാട്ടം കടുപ്പിക്കുമെന്ന് പ്രഖ്യാപിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. യുദ്ധം അവസാനിപ്പിക്കണമെന്ന് രാജ്യാന്തര തലത്തിൽ സമ്മർദം ഉയരുന്നതിനിടെയാണ് ഗാസയിൽ കരയാക്രമണം വിപുലീകരിക്കാനുള്ള നെതന്യാഹുവിന്റെ നിർദേശം. യുദ്ധം അവസാനിപ്പിക്കാറായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഗാസയിൽ യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്ന ഇസ്രയേൽ സൈനികരെ കണ്ടു മടങ്ങിയ ശേഷമായിരുന്നു പ്രസ്താവന. ‘‘ഞങ്ങൾ അവസാനിപ്പിക്കുന്നില്ല. പോരാട്ടം തുടരുകയാണ്, വരും ദിവസങ്ങളിൽ അത് കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കും. ഇത് ഒരു നീണ്ട യുദ്ധമായിരിക്കും, അവസാനിക്കാറായിട്ടില്ല.’’– നെതന്യാഹു പറഞ്ഞു. ഗാസയിൽ ബന്ദികളാക്കിയിരിക്കുന്ന നൂറോളം പേരെ സൈനിക സമ്മർദം ചെലുത്താതെ മോചിപ്പിക്കാനാകില്ലെന്നും നെതന്യാഹു കൂട്ടിച്ചേർത്തു.