ജറുസലം : ഹമാസ് ബന്ദികളാക്കിയവരുടെ മോചനകാര്യത്തിൽ സ്വീകരിച്ച നിലപാടിൽ ഇസ്രയേൽ യുദ്ധകാല കാബിനറ്റിൽ അഭിപ്രായ ഭിന്നത ശക്തമായി. ബന്ദികളുടെ മോചനത്തിനു വഴിയൊരുക്കാൻ ഗാസയിൽ വെടിനിർത്തലാണു വേണ്ടതെന്നും മിന്നലാക്രമണത്തിലൂടെ അവരെ മോചിപ്പിക്കാമെന്ന ധാരണ വേണ്ടെന്നും വാർ കാബിനറ്റിലെ 4 അംഗങ്ങളിലൊരാളായ കരസേന മുൻമേധാവി ഗാഡി ഐസൻകോട്ട് പറഞ്ഞു. യുദ്ധത്തിന്റെ മറ്റു ലക്ഷ്യങ്ങളെക്കാൾ മുൻഗണന കൊടുക്കേണ്ടത് ബന്ദികളുടെ മോചനത്തിനാണെന്നും അദ്ദേഹം പറഞ്ഞു. ഐസൻകോട്ടിന്റെ ഇളയമകൻ കഴിഞ്ഞ മാസം ഗാസയിൽ ഏറ്റുമുട്ടലിനിടെ കൊല്ലപ്പെട്ടിരുന്നു.
130 ബന്ദികൾ ഗാസയിലുണ്ടെന്നാണ് ഇസ്രയേലിന്റെ കണക്ക്. ഇവരെ പല സ്ഥലങ്ങളിലായി പാർപ്പിച്ചിരിക്കുന്നതിനാൽ കമാൻഡോ നടപടിയിലൂടെ മോചനം ദുഷ്കരമാണെന്നും ഒരു കരാറുണ്ടാക്കി മോചനം സാധ്യമാക്കണമെന്നും ഐസൻകോട്ട് ടിവി അഭിമുഖത്തിലാണു പറഞ്ഞത്. അതേസമയം, പലസ്തീൻ പ്രശ്നത്തിനു ദ്വിരാഷ്ട്ര പരിഹാരമെന്ന യുഎസ് നയത്തെ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു വീണ്ടും തള്ളി.
ഗാസയിലെ വിവിധ മേഖലകളിൽ ഇസ്രയേൽ ആക്രമണം തുടർന്നു. കഴിഞ്ഞ 24 മണിക്കൂറിൽ 142 പലസ്തീൻകാർ കൊല്ലപ്പെട്ടു. 278 പേർക്കു പരുക്കേറ്റു. ഇതുവരെ ഇസ്രയേൽ ആക്രമണത്തിൽ 24,762 പലസ്തീൻകാർ കൊല്ലപ്പെട്ടു. 62,108 പേർക്കു പരുക്കേറ്റു. 80 ശതമാനത്തോളം ജനങ്ങൾ പലായനം ചെയ്തു. ഗാസയിൽ ഏഴാം ദിവസവും ഇന്റർനെറ്റ്– ഫോൺ ബന്ധം പുനഃസ്ഥാപിച്ചിട്ടില്ല.