ദുബൈ: ദീർഘകാല വെടിനിർത്തൽ സംബന്ധിച്ച് ഹമാസ് നേതൃത്വം മുന്നോട്ടുവെച്ച നിർദേശങ്ങൾ സ്വീകാര്യമല്ലെന്ന് ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു. ഹമാസിനെ അമർച്ച ചെയ്യാതെ പിൻമാറില്ലെന്നും ഗസ്സ ഭാവിയിൽ ഇസ്രായേലിന് വെല്ലുവിളിയാകില്ലെന്ന് ഉറപ്പുവരുത്തുക കൂടിയാണ് യുദ്ധലക്ഷ്യമെന്നും നെതന്യാഹു പറഞ്ഞു.
നിലവിലെ സ്ഥിതിയിൽ മാസങ്ങൾക്കകം ഗസ്സയിൽ ഇസ്രായേൽ സേനക്ക് സമ്പൂർണ വിജയം നേടാനാകുമെന്നും നെതന്യാഹു അവകാശപ്പെട്ടു. ഇന്ന് ചേരുന്ന ഇസ്രായേൽ യുദ്ധകാര്യ മന്ത്രിസഭാ യോഗം ഹമാസ് നിർദേശം ചർച്ച ചെയ്യും.
ദീർഘകാല വെടിനിർത്തലിന് ഇസ്രായേൽ നേതാക്കളെ പ്രേരിപ്പിക്കാനുള്ള യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആൻറണി ബ്ലിൻകന്റെ നീക്കം വിജയം കണ്ടില്ല. ഹമാസ് മുന്നോട്ടുവെച്ച വ്യവസ്ഥകളിൽ ചിലതിനോട് യോജിപ്പില്ലെങ്കിലും ബന്ദിമോചനം ഉറപ്പാക്കാൻ വെടിനിർത്തൽ അനിവാര്യമാണെന്ന് ഇസ്രായേൽ നേതാക്കളുമായുള്ള ചർച്ചക്കൊടുവിൽ ആൻറണി ബ്ലിൻകൻ പ്രതികരിച്ചു.
ഗസ്സയിൽ സിവിലിയൻ കുരുതി തുടരുന്നതിൽ ആശങ്ക അറിയിച്ച ബ്ലിൻകൻ, ആവശ്യത്തിന് സഹായം ഉറപ്പാക്കാൻ വൈകരുതെന്നും നെതന്യാഹുവിനോട് അഭ്യർഥിച്ചു. വെടിനിർത്തൽ ചർച്ചകൾ തുടരുമെന്നും അദ്ദേഹം അറിയിച്ചു. ഹമാസ് പ്രതികരണം കരാറിലേക്ക് നയിക്കാൻ സഹായകമാകുമെന്നും ചില കടുത്ത നടപടികൾ സ്വീകരിക്കാൻ ഈ ഘട്ടത്തിൽ എല്ലാവരും നിർബന്ധിതരാണെന്നും ബ്ലിൻകൻ പ്രതികരിച്ചു.
ഇന്നലെ ചേർന്ന മിനി മന്ത്രിസഭാ യോഗത്തിൽ ഹമാസ് വ്യവസ്ഥകൾ സംബന്ധിച്ച് ഭിന്നാഭിപ്രായം രൂപപ്പെട്ടതായി ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.