ദുബൈ: ഗസ്സയിൽ വെടിനിർത്തൽ ഉടൻ യാഥാർഥ്യമാകുമെന്ന് അമേരിക്ക. എന്നാൽ കരാർ നിർദേശം പഠിച്ചു വരികയാണെന്ന് ഹമാസും, വെടിനിർത്തലിനെ കുറിച്ച് ഒന്നും പറയാനായിട്ടില്ലെന്ന് ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവും പ്രതികരിച്ചു. കഴിഞ്ഞ ആഴ്ച പാരീസിലും ഇപ്പോൾ ഖത്തറിലും തുടരുന്ന ചർച്ചകളിലൂടെ വെടിനിർത്തൽ ഉടൻ പ്രാബല്യത്തിൽ വരുമെന്നാവർത്തിക്കുകയാണ് അമേരിക്ക. താൽക്കാലിക വെടിനിർത്തൽ ഉടൻ തന്നെയുണ്ടാകുമെന്ന് യു.എസ് സ്റ്റേറ്റ്വകുപ്പ് പ്രതികരിച്ചു. അടുത്ത തിങ്കളാഴ്ചയോടെ ഗസ്സയിൽ താൽക്കാലിക വെടിനിർത്തൽ പ്രാബല്യത്തിൽ വരുമെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡനും ഇന്നലെ അറിയിച്ചിരുന്നു.
ഖത്തറിൽ ഇസ്രായേൽ, ഹമാസ് പ്രതിനിധികൾക്കിടയിൽ മധ്യസ്ഥ ചർച്ചകൾ പുരോഗമിക്കവേയാണ് അമേരിക്കയുടെ പ്രതികരണം. മുസ്ലിം വിശുദ്ധമാസത്തിൽ ആക്രമണം ഉണ്ടാകില്ലെന്ന് ഇസ്രായേൽ അറിയിച്ചതായും ബൈഡൻ വ്യക്തമാക്കി. എന്നാൽ, പാരിസിൽ നേരത്തെ പ്രാഥമിക രൂപം നൽകിയ കരാറിലെ വ്യവസ്ഥകൾ പഠിച്ചുവരികയാണെന്ന് ഹമാസ് അറിയിച്ചു.